വ്യക്തമായ മറുപടി വേണമെന്ന് അസം സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അസമിലെ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതു സംബന്ധിച്ച കേസില്‍ കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. തടവുകാരെ നിയമാനുസൃതമാണോ കൈകാര്യം ചെയ്യുന്നതെന്ന വിഷയത്തില്‍ വ്യക്തമായ മറുപടിയുമായി വരാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അസം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഡല്‍ഹിയിലിരിക്കുന്ന ചിലര്‍ അസമിലെ കാര്യങ്ങളില്‍ സത്യവാങ്മൂലവും തയാറാക്കിത്തന്ന് നിങ്ങളെ വിടുകയാണോ ചെയ്യുന്നതെന്ന് അസം സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് സുപ്രിംകോടതി ചോദിച്ചു. പൗരത്വപട്ടികയില്‍പ്പെടാത്തവരെ അനന്തമായി തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിനെതിരേ സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ്മന്ദര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ദുരിതപൂര്‍ണമായ സാഹചര്യമാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളതെന്നും ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എത്രപേരെയാണ് ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അസം സര്‍ക്കാര്‍ അറിയിക്കണം.
എത്രപേരെ തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എത്രപേരെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചു. എത്ര ട്രൈബ്യൂണലുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ടോയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായി വന്ന് വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവര്‍, പാസ്‌പോര്‍ട്ടില്ലാതെ കുടിയേറിയവര്‍ എന്നിങ്ങനെ രണ്ടുവിഭാഗമാണ് കുടിയേറ്റക്കാരെന്നും പാസ്‌പോര്‍ട്ടില്ലാത്തവരെ ഏതുരാജ്യത്തേക്കാണ് തിരിച്ചയക്കേണ്ടതെന്ന് കണ്ടെത്താനാവുന്നില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. ആകെ എത്ര കുടിയേറ്റക്കാരുണ്ടെന്ന് കോടതി ചോദിച്ചപ്പോള്‍ ആയിരങ്ങള്‍ എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി.
എത്ര പേരെ 10 വര്‍ഷത്തിനുള്ളില്‍ ട്രൈബ്യൂണലിലേക്ക് റഫര്‍ ചെയ്തുവെന്ന ചോദ്യത്തിന് 58,000ത്തോളമെന്ന് മേത്ത മറുപടി പറഞ്ഞു. എത്ര ട്രൈബ്യൂണലുണ്ടെന്ന ചോദ്യത്തിന് നൂറെന്നായിരുന്നു മേത്തയുടെ മറുപടി.
ഉറപ്പാണോയെന്ന് ചോദിച്ച കോടതി എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയതെന്ന് ചോദിച്ചു. ആരാണ് ഈ വിവരമെല്ലാം തന്നതെന്ന ചോദ്യത്തിന് അഡ്വക്കറ്റ് ജനറലാണെന്നും അവര്‍ക്ക് ആര് വിവരം നല്‍കുന്നുവെന്ന ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയമെന്നും മേത്ത മറുപടി നല്‍കി. എന്നാലെന്തുകൊണ്ട് ആഭ്യന്തരമന്ത്രാലയം പ്രതിനിധി ഇവിടെ ഹാജരാകുന്നില്ലെന്ന് കോടതി തിരിച്ചു ചോദിച്ചു. ഒരുപാട് കാലമായിത്. ഇതൊരു തമാശയായി മാറിയിരിക്കുന്നു. എത്ര വിദേശികളുണ്ടെന്ന് പോലും പറയുന്നില്ല. 60,000 പേരുണ്ടെന്ന് പറയുന്നു, 800 പേരാണ് തടവുകേന്ദ്രത്തിലുള്ളത്. എത്രകാലമായി കേസ് നീളുന്നു. എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത്, ആരാണ് പ്രിസൈഡിങ് ഓഫിസര്‍ തുടങ്ങിയ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും ഇവിടെ നാളെ കൊണ്ടുവരൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ആദ്യം ഞാനവരോട് സംസാരിക്കട്ടെയെന്ന് പറഞ്ഞ മേത്തയോട് അതിനൊക്കെ കുറേസമയം കിട്ടിയില്ലേ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സോളിസിറ്റര്‍ ജനറലിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനയ്ക്ക് പിന്നാലെ കേസ് ഈ മാസം 27ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."