ലോക്ക്ഡൗണിനിടെ ഗോഡ്‌സെയുടെ ജന്മദിനം ഗംഭീരമായി ആഘോഷിച്ച് ഹിന്ദു മഹാസഭ; ഗാന്ധി ഘാതകനെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ ജന്മദിനം സമുചിതമായി ആഘോഷിച്ച് ഹിന്ദു മഹാസഭ. ഗോഡ്സെയുടെ 111ാം ജന്മദിനമാണ് ലോക്ഡൗണിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആഘോഷിച്ചത്.
111ാം ജന്മദിനത്തെ സൂചിപ്പിക്കാനായി ഗോഡ്സെയുടെ ചിത്രത്തിന് ചുറ്റും 111 ദീപങ്ങള്‍ കത്തിച്ചുവെച്ചായിരുന്നു ആഘോഷം. ഗ്വാളിയോറിലെ ഓഫിസില്‍ വെച്ച് നടന്ന ചടങ്ങിന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് നേതൃത്വം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം പൂജകളും ഹിന്ദുമഹാ സഭയുടെ ഓഫിസില്‍ നടന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ വിശേഷിപ്പിച്ചത്.
പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ കോണ്‍ഗസ് രംഗത്തെത്തി. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ യഥാര്‍ഥ മനസിലിരുപ്പാണ് ഇത്തരം പരിപാടികളിലൂടെ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു. ലോക്ക്ഡൗണിന്റെ സമയത്ത് പോലും ഇത്തരം പരിപാടികള്‍ നടക്കുകയാണ്. ഞങ്ങള്‍ അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് ഉണ്ടാവുമായിരുന്നില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലുള്ളതിന്റെ ബലത്തിലാണ് ഈ ആഘോഷമെന്നും ട്വീറ്റുകളിലൂടെ കമല്‍നാഥ് പറഞ്ഞു.
शिवराज सरकार में राष्ट्रपिता महात्मा गांधी जी के हत्यारे नाथूराम गोडसे की प्रदेश के ग्वालियर में जयंती मनाना , आयोजन करना , उसकी तस्वीर पर दीये जलाना , बेहद दुर्भाग्यपूर्ण घटना।
— Office Of Kamal Nath (@OfficeOfKNath) May 19, 2020
1/4 pic.twitter.com/J4TkOfShMx
അതേസമയം, ജന്മദിനാഘോഷ പരിപാടിയെക്കുറിച്ച് അറിയില്ലെന്നാണ് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍ കുശലേന്ദ്ര വിക്രം സിംഗിന്റെ പ്രതികരണം. അന്വേഷിച്ച് നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസില്‍ ഗോഡ്സെയെ തൂക്കിലേറ്റിയതിന്റെ 70ാം വാര്‍ഷികം 'ബലിദാന്‍ ദിവസ്' ആയി ആഘോഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാല് ഹിന്ദുമഹാസഭ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."