ബാലപീഡനം: ആസ്ത്രേലിയന്‍ കര്‍ദിനാളിന് ആറുവര്‍ഷം തടവ്
സിഡ്നി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആസ്ത്രേലിയയിലെ മുതിര്‍ന്ന കര്‍ദിനാളിനെ ആറുവര്‍ഷം തടവിനു ശിക്ഷിച്ചു. വത്തിക്കാന്‍ ട്രഷറര്‍ ആയിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിനെയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 11ന് മെല്‍ബണ്‍ കോടതി ഇദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നുവര്‍ഷവും എട്ടുമാസവും പരോള്‍ പോലുമില്ലാത്ത തടവാണ്. അതിനാല്‍ 2022 വരെ പെല്ലിന് പുറംലോകം കാണാനാകില്ല.
നാലുകുറ്റങ്ങളിലാണ് പെല്‍ ശിക്ഷിക്കപ്പെട്ടത്. അഹങ്കാരത്തോടെ കരുതിക്കൂട്ടിയുള്ള പീഡനമാണിതെന്നും അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമാണെന്നും ജഡ്ജി പീറ്റര്‍ കിഡ് വിധിന്യായത്തില്‍ വ്യക്തമാക്കി. സഭാനേതാവ് എന്ന നിലയ്ക്ക് നിങ്ങളുടെ തെറ്റ് ധാര്‍മികമായി വളരെ വലുതാണെന്നും ജഡ്ജി നിരീക്ഷിച്ചു.
ഒരുകാലത്ത് വത്തിക്കാനിലെ അധികാരശ്രേണിയില്‍ മൂന്നാമനും പോപ്പിന്റെ ഉപദേശകനുമായിരുന്ന കര്‍ദിനാള്‍ പെല്‍, ബാലപീഡനത്തിനു ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ സഭാ നേതാവാണ്.
താന്‍ കുറ്റംചെയ്തിട്ടില്ലെന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും പെല്‍ പറഞ്ഞു. 1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് കേസിനാസ്പദമായ സംഭവം. സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷമാണ് സംഭവം. 13 വയസുള്ള ഗായകസംഘത്തിലെ കുട്ടികളെ ഇയാള്‍ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികള്‍ മുറിയിലെത്തുമ്പോള്‍ അവിടെ ആരുമില്ലെന്നു മനസിലാവുകയും മുന്നിലുണ്ടായിരുന്ന വൈന്‍ ഇവരെടുത്തു കുടിക്കുകയും ചെയ്തു. ഈ രംഗമാണ് അവിടെയെത്തിയ ജോര്‍ജ്ജ് പെല്‍ കാണുന്നത്. ഇതിന്റെ പേരില്‍ കുട്ടികളെ ചൂഷണംചെയ്ത് ലൈംഗികമായി ഉപയോഗിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."