കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക മറിയ കോള്‍വിന്റെ ബന്ധുക്കള്‍ സിറിയക്കെതിരേ രംഗത്ത്
വാഷിങ്ടണ്‍: സിറിയയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മറിയ കോള്‍വിന്റെ ബന്ധുക്കള്‍ സിറിയക്കെതിരേ രംഗത്ത്. നാലുവര്‍ഷം മുന്‍പ് നടന്ന മരണത്തിന് ഉത്തരവാദികള്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ ഭരണകൂടമാണെന്ന വാദവുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. ആസൂത്രിതമായ ഒരു കൊലപാതകമാണിതെന്നതിന് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് സിറിയന്‍ സര്‍ക്കാരിനെതിരേ വാഷിങ്ടണ്‍ ഡി.സിയിലെ കോടതിയില്‍ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
വിമതരുടെ നിയന്ത്രണത്തിലുള്ള ഹുംസിലെ ബാബ് അംറില്‍ പ്രവര്‍ത്തിക്കുന്നതിനിടെ 2012 ഫെബ്രുവരിയില്‍ ഗവണ്‍മെന്റിന്റെ സൈനിക നടപടിയിലാണ് മറിയ കോള്‍വ് കൊല്ലപ്പെടുന്നത്. ബി.ബി.സി, ചാനല്‍ ഫോര്‍, സി.എന്‍.എന്‍ എന്നിവയ്ക്കുവേണ്ടിയായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിമതസേനയെ ലക്ഷ്യംവച്ചെന്ന പേരില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസാദിന്റെ സൈന്യം നിരപരാധികളെ കൊന്നൊടുക്കുന്നത് മറിയ കോള്‍വ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സാറ്റ്‌ലൈറ്റ് ഫോണില്‍ നിന്ന് ലക്ഷ്യം മനസിലാക്കിയാണ് ആക്രമണം നടത്തിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
പ്രസിഡന്റ് ബശര്‍ അല്‍അസാദിന്റെ സഹോദരനും റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കമാന്‍ഡറുമായ മാഹിര്‍ ആണ് മാധ്യമപ്രവര്‍ത്തക കൊല്ലാനിടയായ ആക്രമണത്തിന് ഉത്തരവിട്ടതെന്നും സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."