സിറിയയില്‍ 3000 ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി
ദമസ്കസ്: സിറിയന്‍ അതിര്‍ത്തിപ്രദേശമായ ബഗൂസില്‍ 3,000 ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങിയതായി സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്) അറിയിച്ചു.
സിറിയയില്‍ ഐ.എസിന് സ്വാധീനമുള്ള അവസാന പ്രദേശങ്ങളിലൊന്നായ ബഗൂസ് കഴിഞ്ഞദിവസം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വളഞ്ഞിരുന്നു. ഇതിനു പിന്നാലെ പരുക്കേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള നിരവധി പേര്‍ക്ക് സഖ്യസേനാംഗങ്ങള്‍ ഭക്ഷണം കൊടുക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടു.
തിങ്കളാഴ്ച മുതല്‍ ഇതുവരെ 3,000 പേര് കീഴടങ്ങിയതായി എസ്.ഡി.എഫ് വക്താവ് മുസ്തഫ ബാലി പറഞ്ഞു.
15,000 ഐ.എസ് തീവ്രവാദികള്‍ കുടുംബസമേതം ഉണ്ടെന്നു കരുതുന്ന ബഗൂസില്‍ ഈ മാസം ഒന്നിനാണ് സഖ്യസേന നടപടിക്കു തുടക്കമിട്ടത്.
ഇവിടെ 38 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. പ്രദേശത്ത് ദിവസങ്ങളായി വന്‍ സ്ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."