നഴ്‌സിനെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി ബംഗളൂരുവില്‍ പിടിയില്‍
നിലമ്പൂര്‍: സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായ യുവതിയെ മദ്യവും മയക്കു മരുന്നും നല്‍കി നിരവധി തവണ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ പൊലിസ് ബംഗളൂരുവില്‍വച്ച് അറസ്റ്റ് ചെയ്തു. കരുളായി ചെട്ടിയില്‍ മുണ്ടക്കുളത്ത് എരഞ്ഞിക്കുളവന്‍ ഷഫീഖിനെ (31) യാണ് നിലമ്പൂര്‍ സി.ഐയുടെ നിര്‍ദേശമനുസരിച്ച് എസ്.ഐ സി. പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രണയംനടിച്ചു മയക്കുമരുന്നിനടിമയാക്കി പീഡിപ്പിക്കുകയും കൈവശമുള്ള പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന കോട്ടയം സ്വദേശിയായ 23കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കേസിലെ മറ്റു പ്രതികളായ വലമ്പുറം സ്വദേശി ആഷിഖ്, കൂറ്റമ്പാറ സ്വദേശി ഷഫീദലി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂര്‍ മേഖലയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്ന യുവതിയെ മയക്കുമരുന്നു കുത്തിവച്ചാണ് പലതവണ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. 2016 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ ആദ്യ സംഭവം. പിന്നീട് ഷഫീഖും സുഹൃത്തായ ആഷിഖും ചേര്‍ന്നു സ്ഥലം കാണിക്കാനെന്ന വ്യാജേന നാടുകാണിയില്‍ റിസോര്‍ട്ടില്‍ കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു. ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തി. ഇവരുടെ മറ്റൊരു സുഹൃത്തായ ഷഫീദിന് ഈ ദൃശ്യങ്ങള്‍ ലഭിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തമെന്നു ഭീഷണിപ്പെടുത്തി കരുളായി പാലത്തിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍നിന്നു പലതവണയായി 80,000 രൂപ സംഘം കൈക്കലാക്കിയെന്നും യുവതി പരാതി നല്‍കിയിരുന്നു. മറ്റു പ്രതികള്‍ പിടിയിലായപ്പോള്‍ ഷഫീഖ് ഒളിവില്‍ പോയി. ബംഗളൂരുവിലെത്തിയ ഷഫീഖ് ആദ്യം ഒരു കൂള്‍ബാറില്‍ ജോലിചെയ്തു. തുടര്‍ന്നു കുറച്ചുനാള്‍ ഗോവയില്‍പോയതിനു ശേഷം ബംഗളൂരുവില്‍ തിരിച്ചെത്തി കടയില്‍ ജോലി നോക്കി വരികയായിരുന്നു.
അതിനിടെ ഒരു ബംഗളൂരു നമ്പറില്‍നിന്നു ഷഫീഖിന്റെ ഭാര്യയ്ക്കു വന്ന ഫോണ്‍കോള്‍ പിന്തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഷഫീഖിന്റെ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞത്. തുടര്‍ന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐക്കു പുറമേ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ടി. വിനോബ്, എം. മനോജ്, പി.സി വിനോദ്, സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിവരുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."