സഊദിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഇടുക്കി സ്വദേശി മരണപ്പെട്ടു
റിയാദ്: സഊദിയിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. കമ്പനി ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഇടുക്കി താന്നിമൂട് കല്ല മണ്ണിൽപുരയിടത്തിൽ സാബുകുമാറാണ്( 52) ബൈഷിൽ മരിച്ചത്. എൻ എസ് എച്ചിന്റെ ബൈഷിലെ ജിസാൻ എക്കണോമിക് സിറ്റി പ്രോജക്ടിൽ ഫോർമാനായിരുന്നു. രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം താമസിച്ചിരുന്ന ക്യാമ്പിൽ കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകരം സാബുകുമാർ അടമുള്ളവർ ക്യാമ്പിൽ തന്നെ പ്രത്യേക മുറിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. രക്തസമ്മർദ്ദവും പ്രമേഹരോഗവും മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്ന സാബു കുമാർ ചെറിയ തോതിൽ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്യാമ്പിലെ ഡോക്ടറുടെ വൈദ്യസഹായം തേടിയിരുന്നു.
മൃതദേഹപരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. കഴിഞ്ഞ പന്ത്രണ്ട് വർഷമായി എൻഎസ്എച്ചിൽ ജോലിചെയ്യുന്ന സാബുകുമാർ മൂന്നുവർഷം മുമ്പാണ് ബൈഷ് പ്രോജക്ടിൽ ജോലിക്കെത്തിയത്. ഇടുക്കി താന്നിമൂട് കല്ല മണ്ണിൽപുരയിടത്തിൽ ഗോവിന്ദന്റെയും ഭവാനിയുടെയും മകനാണ് സാബുകുമാർ. വൽസലയാണ് ഭാര്യ. പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."