ജീവൻ രക്ഷാ മരുന്നുകള്‍ നാട്ടിൽ നിന്നെത്തിച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ്
റിയാദ് : കേരളത്തില്‍ നിന്ന് ജീവൻ രക്ഷാ മരുന്നുകള്‍ റിയാദിലെത്തിച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ്. കൊവിഡ് മൂലം പ്രതിസന്ധിയിലായ നൂറുകണക്കിന് രോഗികൾക്കാണ് മരുന്നുകൾ വെൽഫെയർ വിംഗ് കമ്മിറ്റി റിയാദിലേക്ക് എത്തിച്ച് നൽകിയത്. ഹൃദ്രോഗികൾ, ബൈപാസ് സർജറിക്ക് വിധേയരായവർ, മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ, പ്രമേഹ, രക്തസമ്മർദ്ദ രോഗികൾ,കിഡ്നി രോഗികൾ തുടങ്ങിയവർക്കാണ് മരുന്നുകളെത്തിച്ചു നൽകിയത്. പലരും നാട്ടിൽ നിന്ന് മരുന്നെത്തിച്ചാണ് ഉപയോഗിച്ചിരുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഗാർഡ് മെഡി-ചെയിൻ സംഘം മുഖേനയാനാണ് മരുന്നുകൾ സമാഹരിക്കുന്നത്. റിയാദിന് പുറമെ ബുറൈദ, മജ്മ, അൽഖർജ്, ഹായിൽ, ഉനൈസ, ഷാക്കിറ, ഹഫർ ബാതിൻ, താദിഖ് തുടങ്ങി സഊദിയിലെ പ്രദേശങ്ങളിലേക്കും മരുന്നുകളെത്തിച്ചു നൽകുന്നുണ്ട്.
വെൽഫെയർ വിഭാഗം ഹെല്പ് ഡസ്‌കുമായി ബന്ധപ്പെടുന്ന രോഗികൾ ആവശ്യപ്പെടുന്ന മരുന്നുകളുടെ ലിസ്റ്റ് ദിവസേന നാട്ടിലുള്ള വൈറ്റ് ഗാർഡ് മെഡിചെയിൻ കോഡിനേറ്റർമാർക്ക് കൈമാറുകയും ദിവസങ്ങൾക്കകം മരുന്നുകൾ റിയാദിലേക്ക് കൊറിയര്‍ വഴി എത്തിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് മരുന്നുകൾ വിവിധ ഭാഗങ്ങളിലേക്ക് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് വളണ്ടിയർമാരുടെ സഹായത്തോടെ രോഗികൾക്ക് മണിക്കൂറുകൾക്കകം കൈമാറുന്നു.
നിയമ തടസ്സങ്ങള്‍ നേരിടാതെയാണ് നാട്ടിൽ നിന്ന് മരുന്നുകള്‍ രോഗികൾക്ക് ലഭ്യമാക്കുന്നതെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിഭാഗം ഭാരവാഹികൾ അറിയിച്ചു. ഇതിനായി ഇരുപത്തിനാലുമണിക്കൂറും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. കോഡിനേഷൻ പ്രവർത്തനങ്ങൾക്ക് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ട്രഷറർ റിയാസ് തിരൂരക്കാട്, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഇസ്ഹാഖ് താനൂർ, ഫൈസൽ ഇരുമ്പുഴി, ഇസ്മായിൽ സി വി,നൗഫൽ തിരൂർ, റഫീഖ് ചെറുമുക്ക്, മുബാറക്, ഒളവട്ടൂർ,സനോജ് കുരിക്കൾ, മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ, വളണ്ടിയേഴ്‌സ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."