18 ദിവസത്തിനകം അരക്കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ തെളിയണം
#ബാസിത് ഹസന്‍
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാമിന്റെ (തെരുവ് വിളക്ക് ദേശീയ പദ്ധതി) കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം മാത്രം അവശേഷിക്കെ ഇന്നലെവരെ പൂര്‍ത്തിയായത് 85,40,798 തെരുവ് വിളക്കുകള്‍. 2019 മാര്‍ച്ച് 31ന് മുന്‍പ് രാജ്യത്തുടനീളമുള്ള 1.34 കോടി പരമ്പരാഗത വഴിവിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റാനാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം നാലുവര്‍ഷം മുന്‍പ് പദ്ധതിക്ക് തുടക്കമിട്ടത്. ഇന്നലത്തെ കണക്കനുസരിച്ച് ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ 48,59,202 വഴിവിളക്കുകള്‍ കൂടി എല്‍.ഇ.ഡിയിലേക്ക് മാറേണ്ടതുണ്ട്.
2015 ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പദ്ധതിയാണ് സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാം (എസ്.എല്‍.എന്‍.പി). കൂടുതല്‍ വിളക്കുകള്‍ എല്‍.ഇ.ഡി യിലേക്ക് മാറ്റിയത് ഗുജറാത്താണ്, 11,26,750. കുറവ് പോണ്ടിച്ചേരിയിലും (450). കേരളത്തില്‍ ഇതുവരെ 41,301 വഴിവിളക്കുകളാണ് എല്‍.ഇ.ഡി യിലേക്ക് മാറ്റിയത്. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെയാണ്.
മഹാരാഷ്ട്ര 3,46,750, മധ്യപ്രദേശ് 81,870, തെലങ്കാന 8,32,256, ആന്ധ്ര പ്രദേശ് 24,47,317, ഗോവ 2,06,790, ഹരിയാന 64,000, രാജസ്ഥാന്‍ 9,78,471, ഉത്തര്‍ പ്രദേശ് 8,34,801, ഉത്തരാഖണ്ഡ് 33,289, ഡല്‍ഹി 3,05,082, ഹിമാചല്‍ പ്രദേശ് 52,419, ജമ്മു കശ്മിര്‍ 11,991, പഞ്ചാബ് 72,677, ജാര്‍ഘണ്ട് 94,858, ഒഡീഷ 2,93,716, ആന്‍ഡമാന്‍ 13,500, ബീഹാര്‍ 1,80,955, സിക്കിം 868, അസം 23,651, തൃപുര 75,376, വെസ്റ്റ് ബംഗാള്‍ 15,807, തമിഴ്‌നാട് 6,689, കര്‍ണാടക 9,882.
രാജ്യത്തെ മൂന്നരക്കോടി വഴിവിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റാനായിരുന്നു ആദ്യം ലക്ഷ്യം. എന്നാല്‍ പിന്നീട് ടാര്‍ഗറ്റ് 1.34 കോടിയിലേക്ക് ചുരുക്കി. ആദ്യം ലക്ഷ്യമിട്ട മൂന്നരക്കോടി വഴിവിളക്കുകളുടെ പദ്ധതി രാജ്യത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ 900 കോടി യൂനിറ്റ് വൈദ്യുതി പ്രതിവര്‍ഷം ലാഭിക്കാമെന്നും ഇതിലൂടെ 5,500 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നുമായിരുന്നു വിലയിരുത്തല്‍. ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്ക് വേഗതകൂട്ടണമെന്ന് കാണിച്ച് കേന്ദ്ര ഊര്‍ജ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ ജനുവരിയില്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലേയും പരമ്പരാഗത തെരുവ് വിളക്കുകള്‍ അടിയന്തിരമായി ഊര്‍ജ കാര്യക്ഷമമായ എല്‍.ഇ.ഡിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 17ന് സംസ്ഥാന ഊര്‍ജ വകുപ്പ് ജോ. സെക്രട്ടറി ബി. ഗോപകുമാരന്‍ നായര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനോട് അധികൃതര്‍ മുഖം തിരിക്കുകയായിരുന്നു. ഉത്തരവിറങ്ങുമ്പോള്‍ 41,301 വഴിവിളക്കുകളാണ് കേരളത്തില്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റിയിരുന്നത്.
ഇന്നലത്തെ കണക്കുപ്രകാരവും എണ്ണം ഇതുതന്നെ. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെല്‍ ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. കേരളത്തില്‍ ആറ് കോര്‍പറേഷനുകളിലും 90 മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയരക്ടര്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, അനര്‍ട്ട് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."