ജി.സി.ഡി.എയിലെ പി.എസ്.സി നിയമനങ്ങളില്‍ വന്‍ ക്രമക്കേട്
കല്‍പ്പറ്റ: ജി.സി.ഡി.എ(ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യിലെ വിവിധ തസ്തികകളിലേക്ക് നടന്ന നിയമനത്തില്‍ വന്‍ ക്രമക്കേട്. ടൗണ്‍ പ്ലാനര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ തസ്തികകളിലാണ് ഇത്തരത്തില്‍ അനധികൃതമായി നിമയനം നടത്തിയിരിക്കുന്നത്. തസ്തികളിലേക്ക് പി.എസ്.സി 2014ലാണ് അപേക്ഷ ക്ഷണിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉന്നത സമ്മര്‍ദം മൂലം വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തി വന്‍ ക്രമക്കേട് നടത്തിയെന്നാണ് നിലവില്‍ ഉയരുന്ന ആരോപണം. ഈ തസ്തികളിലേക്ക് എട്ടും അഞ്ചും വര്‍ഷത്തെ മുന്‍പരിചയം അത്യാവശ്യമാണ്. എന്നാല്‍ യാതൊരു മുന്‍പരിചയവുമില്ലാത്തവര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കുകയും ജി.സി.ഡി.എ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. നിയമനങ്ങള്‍ ചോദ്യം ചെയ്ത് ജി.സി.ഡി.എ, പി.എസ്.സിക്ക് കത്തയക്കുകയും ചെയ്തു. ഇതോടെ 23514ബി.പി.ഇ87പി.എല്‍.ജി ജൂലൈ അഞ്ച് 1988 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ പ്രവൃത്തി പരിചയത്തില്‍ ഇളവ് അനുവദിക്കാന്‍ പി.എസ്.സിക്ക് അവകാശമുണ്ടെന്നും അതുപ്രകാരമാണ് ഇളവ് അനുവദിച്ചതെന്നുമാണ് പി.എസ്.സി മറുപടി നല്‍കിയത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമല്ലാത്ത ജി.സി.ഡി.എക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ലെന്നതാണ് വസ്തുത. സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം ബോധ്യപെടുത്താതെ ക്രമക്കേടിന് കൂട്ടുനിന്നു. ഇതിനെതിരെ ജി.സി.ഡി.എ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി പി.എസ്.സിയുടെ നടപടികളെ വിമര്‍ശിക്കുകയും ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യുകയും പി.എസ്.സിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ജി.സി.ഡി.എയെ കൊണ്ട് അപ്പീല്‍ പിന്‍വലിപ്പിച്ച് ക്രമക്കേടിന് കൂട്ടുനിന്നു.
പി.എസ്.സിയുടെ ക്രമക്കേടിന് സര്‍ക്കാരിന്റെ ഒത്താശ ചരിത്രത്തിലാദ്യമായിട്ടായിരിക്കുമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. തങ്ങളുടെ സ്ഥാപനം, പൊതുമേഖലാ സ്ഥാപനമല്ലെന്നും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ബാധകമല്ലെന്ന് ജി.സി.ഡിയും എല്‍.എസ്.ജി.ഡിയും പി.എസ്.സിയെ രേഖാമൂലം അറിയിച്ചിട്ടും പി.എസ്.സി പിന്മാറാത്തതില്‍ നിന്നും വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ നിന്നും പി.എസ്.സിയുടെ രാഷ്ട്രീയ താല്‍പര്യവും ഉന്നതരാഷ്ട്രീയ ഇടപെടലും വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."