അമേരിക്കയും ഇസ്റാഈലുമായുള്ള കരാറുകള്‍ റദ്ദാക്കിയെന്ന് ഫലസ്തീന്
റാമല്ല: അമേരിക്കയും ഇസ്റാഈലുമായി തങ്ങള്‍ ഒപ്പിട്ട കരാറുകളെല്ലാം റദ്ദാക്കിയതായി പ്രഖ്യാപിച്ച് ഫലസ്തീന്. അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന് ഇസ്റാഈല്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ പ്രസ്താവനയുമായി ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയത്. നേരത്തെ, കഴിഞ്ഞ ദിവസം ഇസ്റാഈല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്റാഈലിന്റെ നീക്കങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇസ്റാഈലിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റാമല്ലയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമായിരുന്നു മഹ്മൂദ് അബ്ബാസിന്റെ പ്രഖ്യാപനം. വാര്‍ത്ത ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സിയടക്കം റിപ്പോര്‍ട്ട് ചെയ്തെങ്കിലും വിഷയത്തില്‍ ഇതുവരെ കൃത്യമായ വിശദീകരണം വന്നിട്ടില്ല. ഫലസ്തീനിന്റെ മണ്ണ് പിടിച്ചടക്കിയ കാരണത്താല്‍ വരാവുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഇസ്റാഈല്‍ ഉത്തരവാദികളായിരിക്കുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഇസ്റാഈലിനെ സഹായിക്കുന്ന തരത്തില്‍ അമേരിക്ക തയാറാക്കിയ പശ്ചിമേഷ്യന്‍ സമാധാന കരാറില്‍നിന്നു പിന്മാറുമെന്നും മഹ്മൂദ് അബ്ബാസ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പശ്ചിമേഷ്യയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കു തങ്ങള്‍ ഇപ്പോഴും സന്നദ്ധമാണെന്നും ഫലസ്തീന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."