ഇരവിപുരം റെയില്‍വേ ലൈനിന് സമീപം മാലിന്യങ്ങള്‍ തള്ളി; പ്രതിഷേധം ശക്തം
ഇരവിപുരം: റെയില്‍വേ ലൈനിന് സമീപം കൂറ്റന്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടുതള്ളിയത് നാട്ടുകാരുടെയും ട്രെയിന്‍ യാത്രക്കാരുടെയും പ്രതിഷേധത്തിന് കാരണമായി.
ഇരവിപുരം റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്താണ് മൂന്നു കൂറ്റന്‍ പ്ലാസ്റ്റിക് ചാക്കുകളിലായി ആശുപത്രി മാലിന്യങ്ങള്‍ തള്ളിയത്. ഓപറേഷന് ഉപയോഗിക്കുന്ന സാധനങ്ങളും സിറിഞ്ചുകളും ബ്ലെയിഡുകളും മറ്റ് ഉപയോഗശൂന്യമായ ആശുപത്രിയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ആശുപത്രിയില്‍നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ എടുത്തവരാകാം മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നു തള്ളിയതെന്നാണ് കരുതുന്നത്. ആശുപത്രി മാലിന്യങ്ങളോടൊപ്പം ചില പാഴ്വാസ്തുക്കളും കാണപ്പെട്ടതിനാലാണ് മാലിന്യങ്ങള്‍ നീക്കാന്‍ കരാറെടുത്തവരാണ് ഇത് ഇവിടെ കൊണ്ടുവന്ന് തള്ളിയതെന്ന നിഗമനത്തില്‍ നാട്ടുകാര്‍ എത്താന്‍ കാരണം.
രാവിലെ ട്രെയിനില്‍ കയറാനെത്തിയവര്‍ പ്ലാറ്റ്ഫോമിന് സമീപം ബ്ലെയിഡുകളും സിറിഞ്ചുകളും കിടന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആശുപത്രി മാലിന്യങ്ങള്‍ റെയില്‍വേ ലൈനിനടുത്ത് പ്ലാറ്റ്ഫോമിന് സമീപം നിക്ഷേപിച്ചവര്ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇവരെ അടിയന്തരമായി കണ്ടെത്തുവാന്‍ പൊലിസ് തയാറാകണമെന്നും പ്രോഗ്രസീവ് ആക്ഷന്‍ കൗണ്‍സില്‍ ഇരവിപുരം (പെയ്സ്) ഭാരവാഹികളായ സുനില്‍ ഷാ, പത്മകുമാര്‍, ഹാഷിം രാജാ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."