നവ്യാനുഭവമായി ജീവനുള്ള പിരിയോഡിക്ക് ടേബിള്‍
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശാസ്ത്രവാരാഘോഷം സംഘടിപ്പിച്ചു. വാരാഘോഷത്തിന്റെ അവസാന ദിനമായ ഇന്നലെ ജീവനുള്ള പിരിയോഡിക്ക് ടേബിള്‍ എന്ന ആശയത്തോടെ വിദ്യാര്‍ഥികള്‍ അണിനിരന്ന പിരിയോഡിക് ടേബിള്‍ ക്യാംപസില്‍ പുതിയ അനുഭവമായി.
ഒരാഴ്ച നീണ്ടു നിന്ന പരിപാടിയോടനുബന്ധിച്ച് ശാസ്ത്രലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ വനിതകളുടെയും നോബല്‍ സമ്മാനം കരസ്ഥമാക്കിയ ലോക പ്രശസ്തരായ വനിതകളുടെ ചിത്രവിവരണപ്രദര്‍ശനം നടത്തി. കൊളബോ യൂണിവേഴ്‌സിറ്റി പ്രൊഫസറായ നിര്‍മ്മല്‍ രഞ്ജിത്ത് ദേവസിനി, ഷിറാനി എന്നിവര്‍ പങ്കെടുത്തു. 'ജനങ്ങള്‍ക്കുവേണ്ടി ശാസ്ത്രവും ശാസ്ത്രത്തിനു വേണ്ടി ജനങ്ങളും ' എന്ന വിഷയത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, 'പിരിയോഡിക്ക് ടേബിള്‍' എന്ന വിഷയത്തില്‍ ക്വിസ് ക്ലബ്ബും സയന്‍സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം, പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രീജിത്ത് കാഞ്ഞിലശ്ശേരി സംവിധാനം ചെയ്ത പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തെരുവ്‌നാടകം എന്നിവ സംഘടിപ്പിച്ചു.
പൈ ദിനത്തോടനുബന്ധിച്ച് ഒരു മിനിറ്റില്‍ 'പൈ' മൂല്യം ഏറ്റവും കൂടുതല്‍ സൂക്ഷമമായി എഴുതുന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ വേണ്ടി മത്സരം സംഘടിപ്പിച്ചു. 113 ദശാംശ സ്ഥാനങ്ങള്‍ എഴുതിക്കൊണ്ട് നജീബ് കൊട്ടാടി ഒന്നാം സ്ഥാനം നേടി. 'പൈയുടെ ചരിത്രം' എന്ന വിഷയത്തില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് റിട്ട. അധ്യാപകന്‍ പി.പി മുഹമ്മദ് ക്ലാസെടുത്തു.
സമാപന ചടങ്ങില്‍ ഗുരുവായൂരപ്പന്‍ കോളേജിലെ രസതന്ത്ര വിഭാഗം മുന്‍ അധ്യക്ഷന്‍ ഡോ.ഡി.കെ ബാബു ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം വിഷയത്തില്‍ പ്രൊഫ. ലിസ ശ്രീജിത്ത് ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ ഡോ. ഗോഡ്വിന്‍ സാംറാജ് അധ്യക്ഷനായി. ഡോ.പി.എസ് ഷീബ, ഡോ.ശ്രീജിത്ത് സംസാരിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രവാരാഘോഷത്തോടനുബന്ധിച്ച് ജീവനുള്ള പിരിയോഡിക്ക് ടേബിളില്‍ വിദ്യാര്‍ഥികള്‍ അണി നിരന്നപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."