നിശ്ചയദാര്‍ഢ്യത്തിന്റെ അവസാന വാക്ക്
സ്വന്തമായ ജീവിത നിഷ്ഠകളും കര്‍മ രീതികള്‍ കൊണ്ടു വേറിട്ടു നിന്ന മഹാനുഭാവനായിരുന്നു ഉമറലി ശിഹാബ് തങ്ങള്‍. വ്യത്യസ്തമായ കര്‍മമേഖലകളില്‍ മുഴുകുമ്പോഴും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഉത്തമ ബോധ്യത്തോടെ പ്രവര്‍ത്തിച്ചു. അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും തങ്ങളുടെ രീതിയായിരുന്നു.നിലപാടുകളില്‍ അന്തിമവാക്കായി അദ്ദേഹം നിലകൊണ്ടു.
ഉമറലി ശിഹാബ് തങ്ങള്‍ നിലപാടുകളിലെ അവസാന വാക്കായി ജ്വലിച്ചു നിന്ന മഹാനായിരുന്നു. ഇന്ന് കേരളം അനുഭവിക്കുന്ന പല സുകൃതങ്ങള്‍ക്കും നേതൃപരമായ പങ്കുവഹിച്ച പാണക്കാട് കുടുംബത്തിലെ പ്രധാന കണ്ണിയായിരുന്നു അദ്ദേഹം. ജീവിത വിശുദ്ധികൊണ്ട് മാതൃക തീര്‍ക്കുകയും സമുദായത്തിന്റെ അമരക്കാരനായി നിലകൊള്ളുകയും ചെയ്ത മഹാന്‍.
മുസ്‌ലിം കൈരളിയുടെ സാന്ത്വനത്തിന്റെ ശബ്ദമായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ബഹുവന്ദ്യരായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാമത്തെ മകനായി 1941 നവംബര്‍ 28 ഹി. 1360 ദുല്‍ഖഅദഃ എട്ടിനായിരുന്നു ജനം.
ഉറവ വറ്റാത്ത സ്‌നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്ത്രവുമായിരുന്നു ഉമറലി ശിഹാബ് തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ് അഷ്ടദിക്കില്‍നിന്നുമാളുകള്‍ പാണക്കാട് കൊടപ്പനക്കലിലെ ആ സാന്നിധ്യം തേടി തറവാട്ടിലെത്തിയിരുന്നത്.
അനേകകാലം പരസ്പരം പോരാടിയ വസ്തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ഉമറലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത് പതിവായിരുന്നു.
പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഉമറലി ശിഹാബ് തങ്ങള്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ നിന്ന് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാനഞ്ചേരി, അച്ചിപ്പുറം, ഒറവംപുറം എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു വര്‍ഷത്തെ ദര്‍സ് പഠനം. പിന്നീട് 1964 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളജില്‍ ചേരുകയും 1968ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കൈയില്‍ നിന്നായിരുന്ന സനദ് ഏറ്റുവാങ്ങിയത്.
പൊന്മള പുവാടന്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.1968 ഏപ്രില്‍ 28ന് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി സയ്യിദ ഖദീജ മുല്ല ബീവിയുമായിട്ടായിരുന്നു ഉമറലി തങ്ങളുടെ വിവാഹം.
സമസ്ത വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ്, കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, വയനാട് ജില്ലാ ഖാസി, ജംഇയ്യത്തുല്‍ ഖുളാത്തി വല്‍ മഹല്ലാത്ത് ചെയര്‍മാന്‍, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കോര്‍ട്ട് അംഗം, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മെമ്പര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിങ് ഡയറക്ടര്‍, 1970 മുതല്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ജനറല്‍ സെക്രട്ടറി, പാണക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്, പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌കൂള്‍ മാനേജര്‍, 2006ല്‍ മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ മാനേജിങ് കമ്മിറ്റി അംഗം, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ്, കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫതുല്‍ ഇസ്‌ലാമിയ്യ, പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യതീം ഖാന, ആക്കോട് ഇസ്‌ലാമിക് സെന്റര്‍, വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി, എളേറ്റില്‍ വാദി ഹുസ്‌ന, കൊടിഞ്ഞി സുന്നി എജ്യുക്കേഷണല്‍ സെന്റര്‍, ഒളവട്ടൂര്‍ യതീംഖാന, മുണ്ടുപറമ്പ് യതീംഖാന, മൈത്ര യതീംഖാന, വട്ടത്തൂര്‍ യതീംഖാന, മേല്‍മുറി എം.ടി.സി ബി.എഡ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സാരഥ്യമരുളി.
സമസ്ത, വഖ്ഫ് ബോര്‍ഡ്, എസ്.വൈ.എസ് തുടങ്ങിയ കര്‍മ വഴികളില്‍ തങ്ങള്‍ കാഴ്ചവച്ച സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.
സ്വന്തമായ ജീവിതനിഷ്ഠകളും കര്‍മരീതികള്‍ കൊണ്ടു വേറിട്ടുനിന്ന മഹാനുഭാവനായിരുന്നു ഉമറലി ശിഹാബ് തങ്ങള്‍. വ്യത്യസ്തമായ കര്‍മമേഖലകളില്‍ മുഴുകുമ്പോഴും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിച്ചു. അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും തങ്ങളുടെ രീതിയായിരുന്നു.നിലപാടുകളില്‍ അന്തിമവാക്കായി അദ്ദേഹം നിലകൊണ്ടു.
അദ്ദേഹത്തിന്റെ പ്രതാപത്തിന് യോജിച്ച ഒരു സ്മാരകം എന്നത് നമ്മുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. നിരവധി കാലത്തെ പരിശ്രമവും ഒത്തിരി സുമനസ്സുകളുടെ സഹായവും ആ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം സമൂഹത്തിന് സമര്‍പ്പിക്കുകയാണ്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ വൈകീട്ട് നാലിന് കേരളത്തിലെ മത,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ സമുന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് മുഴുവനാളുകളേയും ക്ഷണിക്കുകയാണ്.
(പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ജന.കണ്‍വീനറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."