ജി.എസ്.ടി ബില്‍: കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തി
ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്ലിനോടുള്ള എതിര്‍പ്പ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മയപ്പെടുത്തി. 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന ആവശ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കും. ഇതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തിരുന്നത്. ഈ മാസം തുടങ്ങുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലം ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാലാണ് പാസാക്കാന്‍ കഴിയാതിരുന്നത്. ഇതേത്തുടര്‍ന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിരുന്നു. തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബില്ലിനോട് എതിര്‍പ്പില്ല.
ബില്ലില്‍ നികുതി ശതമാനം എത്രയാണെന്ന് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വ്യവസ്ഥയില്‍ കോണ്‍ഗ്രസിന് പിടിവാശിയില്ലെന്ന് രാജ്യസഭ ഉപപ്രതിപക്ഷ നേതാവ് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. നികുതിതോത് സംബന്ധിച്ച അഭിപ്രായവ്യത്യാസം പരിഹരിക്കാനാവുന്നതേയുള്ളൂവെന്ന് നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, നികുതി തോത് പരിധിയുടെ കാര്യത്തില്‍ നിയമപരിരക്ഷയുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."