ചലിച്ചു തുടങ്ങി കേരളം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയും അത്യാവശ്യ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസ് ആരംഭിക്കുകയും ചെയ്തതോടെ ജനജീവിതം ഭാഗികമായി സാധാരണ നിലയിലേക്ക് നീങ്ങുന്നു. സാമൂഹിക അകലം പാലിച്ചും മാസ്കുകള്‍ ധരിച്ചുമാണ് ജനങ്ങള്‍ അവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ കേരള സര്‍ക്കാര്‍ നല്കിയ ഇളവുകളെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ബസുകളും ടാക്സി, ഓട്ടോ സര്‍വിസുകളും നീണ്ട ഇടവേളയ്ക്കുശേഷം നിരത്തുകളില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. അതിനാല്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് യാത്രയ്ക്കായി ഏറെയും ടാക്സികളെ ആശ്രയിക്കേണ്ടി വന്നു.
സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും സ്വര്‍ണക്കടകളും തുറന്നു. എ.സി ഉപയോഗിക്കാതെയാണ് പ്രവര്‍ത്തനം. വന്‍കിട മാളുകള്‍ ഒഴികെ ഷോപ്പിങ് കോംപ്ലക്സുകളിലെ 50 ശതമാനം കടകളും തുറന്നുപ്രവര്‍ത്തിച്ചു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും അനുസരിച്ചാണ് കടകളുടെയും ഇളവുകളില്‍ ഉള്‍പ്പെട്ട മറ്റ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം.
സാമൂഹിക അകലം കര്‍ശനമായി നടപ്പിലാക്കിയും മുന്‍കൂര്‍ ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് സ്ഥാപനങ്ങള്‍ തുറന്നത്. പ്രത്യേക ക്രമീകരണങ്ങളോടെയാണ് ബാര്‍ബര്‍ഷോപ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. തിരക്ക് കൂടുതലായിരുന്നതിനാല്‍ ബാര്‍ബര്‍ഷോപ്പുകളില്‍ പലയിടത്തും ഫോണ്ബുക്കിങ് സൗകര്യവും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."