കാണാതാകുന്ന കുട്ടികള്‍ കേരളത്തിന്റെ സാമൂഹികപ്രശ്‌നം
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം കുട്ടികളെ കാണാതായത് കഴിഞ്ഞവര്‍ഷമാണെന്നു സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു. 2018 ല്‍ 193 കേസുകളാണു കാണാതായ കുട്ടികളെ സംബന്ധിച്ചു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നേരത്തെ 2015 ലായിരുന്നു ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായത്. 171 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോഴിക്കോട് ജില്ലയിലും. സംസ്ഥാനത്ത് ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികള്‍ വീതം അപ്രത്യക്ഷരാകുന്നുണ്ട്. രാജ്യത്താകട്ടെ ഓരോ എട്ടു മിനുട്ടിലും ഒരു കുട്ടിയെന്ന തോതില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കാണാതാകുന്ന കുട്ടികള്‍ സംസ്ഥാനത്തിന്റെ സാമൂഹികപ്രശ്‌നമായി മാറിയിട്ടുണ്ട്. ആ നിലയില്‍ ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ നോഡല്‍ ഓഫിസറായി ജില്ലാ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റുകളും സ്‌കൂളുകളില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌പെഷല്‍ ജുവനൈല്‍ പൊലിസുമുണ്ട്.
ഇതിനൊക്കെപുറമെ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഓപ്പറേഷന്‍ വാത്സല്യ, സ്‌മൈല്‍ തുടങ്ങിയ പദ്ധതികളും കുട്ടികളെ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്നുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടായിട്ടും ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. അപ്രത്യക്ഷമാകുന്ന കുട്ടികളില്‍ 60 ശതമാനം പേരെയും കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും 40 ശതമാനം കുട്ടികള്‍ എവിടെപ്പോയെന്നറിയുന്നില്ല.
മാതാപിതാക്കളുടെ നെഞ്ചില്‍ തീയിട്ടുകൊണ്ടാണ് ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നില്ലെങ്കില്‍ മരണംവരെ ഈ വേദന അവരെ അലട്ടിക്കൊണ്ടിരിക്കും. സ്‌നേഹിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞുങ്ങളെ കാണാതാകുമ്പോള്‍ ബാക്കിയുള്ള ജീവിതം രക്ഷിതാക്കള്‍ക്കു മരിച്ചതിനു തുല്യമാണ്. ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നതോടെ ഒരു കുടുംബത്തിന്റെ സന്തോഷമാണ് എന്നെന്നേക്കുമായി ഇല്ലാതാകുന്നത്.
2005 ല്‍ കാണാതായ ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുല്‍ ഇന്നും കേരളീയ മനഃസാക്ഷിയുടെ വിങ്ങലാണ്. കാണാതായ കുട്ടികളുടെ ചരിത്രത്തിലെ എക്കാലത്തെയും നൊമ്പരമാണ്. 2005 മെയ് 18ന് വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രാഹുലിനെ കാണാതാകുന്നത്. കാണാതാകുമ്പോള്‍ ഏഴു വയസ്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ 20 വയസായിട്ടുണ്ടാകും. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും സി.ബി.ഐയും വരെ അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തെക്കുറിച്ചു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.
നിസാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളോടു വഴക്കിട്ടു വീടുവിട്ടിറങ്ങുന്നവരാണ് കാണാതാവുന്നവരില്‍ ഏറെയും. ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. പരീക്ഷയില്‍ തോറ്റതിനോ മാര്‍ക്ക് കുറഞ്ഞതിനോ മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന ഭയത്താല്‍ വീടുവിട്ടിറങ്ങുന്നു കുട്ടികളില്‍ പലരും. ചോദിച്ച സാധനങ്ങള്‍ കിട്ടാത്തതിന്റെ പേരിലും നാടുവിടുന്നു. ബസ്സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ എത്തിപ്പെടുന്ന ഇവരെ റാഞ്ചാനായി ക്രിമിനല്‍ സംഘങ്ങളുണ്ടായിരിക്കും.
കുടുംബത്തിനകത്തെ ഛിദ്രത, മാതാപിതാക്കളുടെ നിരന്തരമായ ശകാരങ്ങള്‍, കുടുംബത്തില്‍ നിത്യേനയുണ്ടാകുന്ന കലഹം, മദ്യപിച്ചെത്തുന്ന പിതാവ് വീടിനകത്തു കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ ഇതെല്ലാം കൗമാരക്കാരായ കുട്ടികളെ വീടു വിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ലഹരിമരുന്നു മാഫിയയുടെ സ്വാധീനത്തില്‍പ്പെട്ട് അപ്രത്യക്ഷരാകുന്നവരുമുണ്ട്.
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടു പോകുന്ന കൊച്ചുകുട്ടികളുടെ സ്ഥിതിയായിരിക്കും ഏറെ ദയനീയം. ബാലവേലയ്‌ക്കോ അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനോ ഇവരെ ഉപയോഗിക്കുന്നു. ഭേദപ്പെട്ട ചുറ്റുപാടില്‍ വളര്‍ന്ന കുട്ടികളായിരിക്കും ഇങ്ങിനെ ദുരന്തപൂര്‍ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെടുന്നത്.
ആ നിലക്ക് ഇതു കേരളത്തിന്റെ സാമൂഹികമായ അവസ്ഥയെ ഗുരുതരമായി ബാധിച്ച പ്രശ്‌നം തന്നെയാണ്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ സംസ്ഥാനത്തു നിരവധി പദ്ധതികളുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന് ഒരു കാരണമായി പറയുന്നതു കുട്ടികളെ കൊന്ന് അവയവങ്ങള്‍ മോഷ്ടിക്കാനാണെന്നാണ്. യാഥാര്‍ഥ്യം കണ്ടെത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ജില്ലാതലങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച അന്വേഷണച്ചുമതല വഹിക്കുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ദേശീയതലത്തില്‍ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്നു. എന്നിട്ടും കുട്ടികള്‍ എവിടേക്കാണ് പോകുന്നതെന്നറിയാതെ നട്ടംതിരിയുകയാണ് പൊലിസും ബന്ധുജനങ്ങളും. ഇതില്‍നിന്ന് വീടുവിട്ടിറങ്ങുന്ന കുട്ടികളെ റാഞ്ചാനും കൊച്ചുകുട്ടികളെ തട്ടിക്കൊണ്ട് പോകാനും രാജ്യവ്യാപകമായ രീതിയില്‍തന്നെ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌വേണം കരുതാന്‍.
നിസാര കാര്യത്തിന് വീടുവിട്ടിറങ്ങിയ കുട്ടികള്‍ തിരികെവന്നാലും പഴയ മാനസികാവസ്ഥയിലേക്ക് അവര്‍ മടങ്ങുന്നില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ഇവരുടെ പഠനത്തെയും ഭാവി ജീവിതത്തെയും ഈ ഒളിച്ചോട്ടം കാര്യമായിതന്നെ ബാധിക്കുന്നു.
നവമാധ്യമങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. പെണ്‍കുട്ടികളാണ് ഇങ്ങനെ ഏറെയും ചതിക്കപ്പെടുന്നത്. അവര്‍ എത്തിപ്പെടുന്നതാകട്ടെ പിന്നീടൊരിക്കലും കരകയറാനാവാത്ത ലൈംഗിക ചളിക്കുണ്ടിലും. കുട്ടികളെ വീടുകളില്‍നിന്നും സ്‌കൂളുകളില്‍നിന്നും കാണാതാകുന്നത് തടയുവാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കുവഹിക്കാനാകും. സൗഹാര്‍ദത്തോടെ അവരുമായി ഇടപഴകുകയും എല്ലാം തുറന്ന് സംസാരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന സമീപനമാണ് ആദ്യമായി വേണ്ടത്. അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ പഠനമികവുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തി അവരെ അപമാനിക്കുംവിധം സംസാരിക്കാതിരിക്കുക. വീടുകളില്‍നിന്നും സ്‌കൂളുകളില്‍നിന്നും കിട്ടുന്ന സ്‌നേഹവും പരിഗണനയും ഓരോ കുട്ടിയിലും ആത്മവിശ്വാസം വളര്‍ത്തുമെന്ന യാഥാര്‍ഥ്യം രക്ഷിതാക്കളും അധ്യാപകരും ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."