സമൂഹ മാധ്യമങ്ങള്‍: അനുഗ്രഹമോ ആപത്തോ?
ആധുനിക യുഗത്തില്‍ വാര്‍ത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് സമൂഹ മാധ്യമങ്ങള്‍. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായി ബന്ധപ്പെടാന്‍ സമൂഹ മാധ്യമങ്ങള്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ ഈ മാധ്യമങ്ങള്‍ അനുഗ്രഹമോ ആപത്തോ എന്ന ചര്‍ച്ചക്ക് ഏറെ പ്രസക്തിയുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങള്‍ അനുഗ്രഹം തന്നെയാണ്. കുടില്‍ തൊട്ട് കൊട്ടാരം വരെ അനുഗ്രഹത്തിന്റെ വര്‍ണ പുഷ്പങ്ങളുടെ സൗരഭ്യം സമൂഹ മാധ്യമങ്ങള്‍ പരത്തുന്നുണ്ട്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസ രംഗത്ത് പഠന മാധ്യമം എന്ന നിലയ്ക്കും സമൂഹ മാധ്യമങ്ങള്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ച്ചവയ്ക്കുന്നുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഐ.സി.ടി ഉപയോഗിച്ചുള്ള ക്ലാസുകള്‍ തുടങ്ങിയവയെല്ലാം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന് അനുഗ്രഹത്തിന്റെ വാതായനങ്ങള്‍ തുറന്നു തന്ന സമൂഹ മാധ്യമങ്ങള്‍ ശാസ്ത്രീയമായി ഉപയോഗിക്കുന്നിടത്താണ് ഇതിന്റെ വിജയം. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന സമൂഹ മാധ്യമം ഫേസ്ബുക്കായിരുന്നു. പിന്നീടത് വാട്ട്‌സ്ആപ്പിലേക്ക് മാറി. ട്വിറ്റര്‍, ഗൂഗിള്‍, യൂ ട്യൂബ്, ഇന്‍സ്റ്റഗ്രാം ഇങ്ങിനെ നീണ്ടുപോകുന്നു സമൂഹ മാധ്യമങ്ങളുടെ പട്ടിക.
വാട്ട്‌സ്ആപ്പാണ് ഇന്ന് കൂടുതല്‍ ജനസമ്മിതി ആര്‍ജിച്ചിരിക്കുന്നത്. ബ്രയിന്‍ ആക്റ്റനും, ജാന്‍കറുമാണ് 2009ല്‍ വാട്ട്‌സ്ആപ് സ്ഥാപിച്ചത്. രണ്ടുപേരും യാഹുവിലെ ജോലിക്കാരായിരുന്നു. ഇന്ന് മതം, രാഷ്ട്രീയം, സാമൂഹ്യം, സാംസ്‌കാരികം, കുടുംബം തുടങ്ങിയ നിഖില മേഖലകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നു. വളരെ പോസിറ്റീവായി മുന്നേറുന്ന ധാരാളം ഗ്രൂപ്പുകള്‍ ഇന്ന് കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ ക്ലാസ് വൈസ് ഗ്രൂപ്പുണ്ടാക്കി വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമായ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ കൈമാറുന്നുണ്ട്. പോസിറ്റീവായ ഉപയോഗത്തിന് വാട്‌സ്ആപ്പ് വളരെ നല്ലത് തന്നെ. ഇന്നത്തെ യുവത സമൂഹ മാധ്യമങ്ങളുടെ അടിമകളായിരിക്കുന്നു. ഒഴിവുസമയം കിട്ടിയാല്‍ അവര്‍ മൊബൈല്‍ ലോകത്താണ്. മൊബൈല്‍ ഉപയോഗത്തില്‍ വലിയവര്‍ ചെറിയവര്‍ എന്ന വ്യത്യാസമില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ചിലയാളുകള്‍ക്ക് വാട്‌സ്ആപ്പിനോട് അമിതമായ ഒരു ഭ്രമമാണ്. വിരലുകള്‍ ഉപയോഗിച്ച് അവര്‍ മെസേജ് അയച്ചു കൊണ്ടേയിരിക്കുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ മണിക്കൂറുകള്‍ വാട്‌സ്ആപ്പിലും, മറ്റു സമൂഹ മാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നത് ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുന്നു.
മണിക്കൂറുകളോളം വാട്‌സ്ആപ്പില്‍ ഏര്‍പ്പെടുന്നവരേ, അറിയുക, നിങ്ങളെ കാത്തിരിക്കുന്ന രോഗമാണ് വാട്‌സാ പെറ്റിസ്. ഈ രോഗത്തെക്കുറിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ട് ഇങ്ങിനെ സംഗ്രഹിക്കാം: മുപ്പത്തിനാലുകാരിയായ ഗര്‍ഭിണിയായ ഒരു സ്ത്രീ ക്രിസ്തുമസ് ദിവസം തന്റെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സ്മാര്‍ട്ട് ഫോണിലൂടെ ആശംസ മെസേജുകള്‍ അയച്ചു കൊണ്ടേയിരുന്നു. ദീര്‍ഘമായ ആറു മണിക്കൂര്‍ ആ സ്ത്രീ വരുന്ന മെസേജുകള്‍ക്ക് മറുപടി അയച്ചും പുതിയ മെസേജ് അയച്ചും വാട്‌സ്ആപ്പില്‍ മുഴുകി. സമയം രാത്രിയായി ഭക്ഷണം കഴിച്ച് അവള്‍ കിടക്കാന്‍ പോയി. പിറ്റേന്ന് പുലര്‍ച്ചക്ക് കൈക്കുഴയുടെ ഇരു ഭാഗങ്ങളിലും സഹിക്കാന്‍ പറ്റാത്ത വേദനയോടെയാണവള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നത്. പറയത്തക്ക ഒരു ആരോഗ്യ പ്രശ്‌നവും ആ സ്ത്രീക്കുണ്ടായിരുന്നില്ല. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഭാരമുള്ള ഒരു ജോലിയും അവള്‍ ചെയ്തിരുന്നുമില്ല.
വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയ ഈ രോഗത്തെ കുറിച്ച് ഡോക്ടര്‍മാര്‍ വിദഗ്ധ പഠനം നടത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം മാനവ ലോകത്തോടവര്‍ വിളിച്ചു പറഞ്ഞു. ഈ രോഗം വാട്‌സാ പെറ്റിസ് ആണെന്ന്. യാതൊരു നിയന്ത്രണവുമില്ലാതെ സ്മാര്‍ട്ട് ഫോണിലൂടെ വാട്‌സ്ആപ്പിലും മറ്റും വിരലുകള്‍ ഉപയോഗിച്ച് മെസേജ് അയക്കുന്നവരെ കാത്തിരിക്കുന്ന രോഗമാണ് വാട്‌സാ പെറ്റിസ്. ദീര്‍ഘസമയം സ്മാര്‍ട്ട് ഫോണില്‍ വിരലുകള്‍ ഉപയോഗിക്കുന്നത് കൈക്കുഴയുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന അസഹനീയമായ വേദനയാണ് വാട്‌സാ പെറ്റിസ്.
ഈയിടെ പുറത്തു വന്ന ഒരു സര്‍വേയില്‍ ഏറ്റവും കൂടുതല്‍ വാട്‌സ്ആപ് ഉപയോഗിക്കുന്നത് വനിതകളാണത്രെ. പുരുഷന്മാരെക്കാള്‍ ഒഴിവുസമയം അവര്‍ക്ക് ലഭിക്കുന്നു എന്നതാണ് ഇതിനു കാരണം. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗത്തില്‍ പുരുഷന്മാരും ഒട്ടും പിന്നിലല്ല. ഗള്‍ഫുനാടുകളില്‍ ബാച്ച്‌ലര്‍ റൂമുകളില്‍ പഴയ പോലെ സൗഹൃദം പങ്കിടാന്‍ ആര്‍ക്കും സമയമില്ല, എല്ലാവരും തന്റെ സാമ്രാജ്യമായ ബെഡില്‍ കിടന്നോ ഇരുന്നോ സമൂഹ മാധ്യമങ്ങളുടെ മായാലോകത്ത് വിഹരിക്കുകയാണ്. സമൂഹ മാധ്യമങ്ങളുടെ മറ്റൊരു പ്രശ്‌നം സമയനഷ്ടമാണ്. ആഗോളതലത്തില്‍ കോടിക്കണക്കിന് ആളുകളാണ് സമൂഹ മാധ്യമങ്ങളാല്‍ തളച്ചിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്റെ പുത്രി മക്‌സിമയെ പതിമൂന്ന് വയസുവരെ ഫേസ്ബുക്കും സെല്‍ഫോണും ഒന്നു തൊട്ടു നോക്കാന്‍ പോലും അനുവദിച്ചില്ല. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും മാര്‍ക്ക് സുക്കറിനെ പോലെ തന്നെ പതിമൂന്ന് വയസ് വരെ സ്വന്തം മക്കളെ ഫോണിന്റെ പിടിയില്‍നിന്ന് മാറ്റി നിര്‍ത്തി. അമേരിക്കയിലെ സിലിക്കന്‍ വാലിയിലെ മിക്കവാറും കമ്പനി എല്‍ജിനീയര്‍മാരും അവരുടെ മക്കളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു നിശ്ചിത പ്രായം വരെ മാറ്റി നിര്‍ത്തുന്നു. എന്നാല്‍ നമ്മള്‍ കരയുന്ന കുട്ടികള്‍ക്ക് മൊബൈല്‍ കളിക്കോപ്പായി നല്‍കി അവരുടെ കരച്ചില്‍ നിര്‍ത്തുന്നു. ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ തീരെ നല്‍കരുതെന്നാണ് വൈദ്യശാസ്ത്രം ലോകത്തിന് നല്‍കുന്ന മുന്നറിയിപ്പ്. ചെറിയ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അത് ആ ഇളം കണ്ണിനെ പ്രതികൂലമായി ബാധിക്കുകയും അത് കണ്ണിന് അര്‍ബുദം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടാകുകയും ചെയ്യുമത്രെ. കൂടുതല്‍ നേരം നല്ല ബ്രൈറ്റ്‌നസോടെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ അത് കുട്ടികള്‍ക്കെന്ന പോലെ വലിയവരുടെ കണ്ണിനേയും ബാധിക്കുന്നു. മൊബൈല്‍ ഫോണില്‍നിന്ന് വരുന്ന ശക്തമായ പ്രകാശം കണ്ണിന്റെ റെറ്റിനയെ ബാധിച്ച് കണ്ണിന്റെ കാഴ്ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് വിഷാദരോഗം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വിസിന്റെ കീഴില്‍ അമേരിക്കയില്‍ നടത്തിയ പഠന റിപ്പേര്‍ട്ട് പ്രകാരം 60ല്‍ അധികം കൗമാരക്കാര്‍ വിഷാദരോഗം അനുഭവിക്കുന്നവരാണ്. 2010-2018 കാലയളവിലെ കൗമാരക്കാരില്‍ പഠനം നടത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ഒരു ഫലം പുറത്തുവന്നത്. വിഷാദരോഗം മൂലം ആത്മഹത്യാ പ്രവണതയ്ക്കും സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. നീന ലാങ്ടണ്‍ എന്ന പതിനേഴുകാരി ഇന്‍സ്റ്റാഗ്രാമിന് അടിമയായത് അവള്‍ അറിഞ്ഞില്ല. ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ പോസ്റ്റ് ചെയ്ത വിവിധ ഇനത്തിലുള്ള ഫോട്ടോകള്‍ക്ക് മറ്റുള്ളവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ അവളില്‍ വളരെയധികം നൈരാശ്യമുണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സമയം ചെലവഴിക്കുന്ന സ്വാഭാവക്കാരിയായിരുന്നു നീന. ഇത് അവളുടെ ഉറക്കം താറുമാറാക്കി. ഭക്ഷണക്രമം താളം തെറ്റിച്ചു. നിരാശയുടെ കൊടുമുടിയില്‍ എത്തിയ അവള്‍ ആത്മഹത്യ മാത്രമാണ് തനിക്കുള്ള പോംവഴി എന്ന തീരുമാനത്തില്‍ എത്തി. ഈ സന്ദിഗ്ധ ഘട്ടത്തില്‍ മനസിന് ശാന്തി നല്‍കാന്‍ നീന ഒരാളെ തേടിയെങ്കിലും സാന്ത്വനത്തിന്റെ അമൃത മഴയായി ആരും വര്‍ഷിച്ചില്ല എന്നായിരുന്നു അവളുടെ അവസാന വിലാപം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കൗമാരക്കാരില്‍ വിഷാദരോഗം മൂലം ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ വിലപ്പെട്ട സമയം സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഹോമിക്കപ്പെടുന്ന കൗമാരക്കാരില്‍ വിഷാദരോഗം, ആത്മഹത്യാ പ്രവണത, നൈരാശ്യം, മാനസികാരോഗ്യ തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ ജീന്‍ ട്വാന്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. സാന്റിയാഗോ യൂനിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസറാണ് ജീന്‍.
സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അനിയന്ത്രിതമായി ഉപയോഗിച്ചാല്‍ കൗമാരക്കാരെ ഏറെ ബാധിക്കുന്നത് വികാസം പ്രാപിച്ച് കൊണ്ടിരിക്കുന്ന അവരുടെ തലച്ചോറിനെയാണ്. അമിതമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച ഒരു വിദ്യാര്‍ഥി ഈയിടെ ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചത് കേരളത്തിലാണെന്നത് നാം തിരിച്ചറിയുക. മനുഷ്യകുലത്തിന് പ്രപഞ്ചനാഥന്‍ സമ്മാനിച്ച ഒരു വരദാനമാണ് ചിന്താശേഷിയുള്ള തലച്ചോര്‍. ആയുഷ്‌കാലത്തുള്ള കോടിക്കണക്കിന് വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ തലച്ചോറിന് കഴിയും. ഒന്നര കിലോഗ്രാമില്‍ കുറവ് ഭാരമുള്ള ഒരു അത്ഭുത യന്ത്രമായ തലച്ചോറില്‍ രണ്ടുകോടി ബൃഹത് ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ സമാഹരിച്ചുവയ്ക്കാനുള്ള ശേഷിയുണ്ടത്രെ! എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്ന കൗമാരക്കാരുടെ തലച്ചോറിനെ അത് ഏറെ ബാധിക്കുന്നു.
തലച്ചോറിലുള്ള തീരുമാനമെടുക്കുന്നതിലും വൈകാരിക ചേതനകള്‍ നിയന്ത്രിക്കുന്നതുമായ ആന്റീരിയര്‍ സിന്‍ഗുലേറ്റ് കോര്‍ട്ടക്‌സിന്റെ അളവ് ഇത്തരക്കാരില്‍ കറവായിരിക്കുമെന്നാണ് ആധുനിക പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്മാര്‍ട്ട് ഫോണ്‍ അടിമകളായ വിദ്യര്‍ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത ലഭിക്കില്ല. മുതിര്‍ന്നവര്‍ക്ക് തങ്ങളുടെ ജോലിയിലും ഏകാഗ്രത കൈവരിക്കാന്‍ കഴിയില്ല.
ഇന്നത്തെ കൗമാരക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ചലഞ്ച് ഗെയിമുകള്‍. സോഷ്യല്‍ മീഡിയകളിലെ ഇത്തരം ചലഞ്ച് ഗെയിമുകള്‍ക്ക് അഡിക്റ്റായി അനേകം പേര്‍ ആഗോളതലത്തില്‍ ആത്മഹത്യയിലാണ് അഭയം പ്രാപിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ സോഷ്യല്‍ മീഡിയകള്‍ അനുഗ്രഹത്തിന്റെ വാതായനങ്ങളെക്കാള്‍ നമുക്ക് മുമ്പില്‍ തുറന്നു തരുന്നത് വിപത്തിന്റെ വാതായനങ്ങളാണ്. സോഷ്യല്‍ മീഡിയകള്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കത്തിപോലെയാണ്. വീട്ടില്‍ പച്ചക്കറിയും മത്സ്യവും മറ്റും കട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഇതേ കത്തി കൊണ്ട് തന്നെ മനുഷ്യനെ കൊല ചെയ്യാനും കഴിയും. അത് കൊണ്ട് സോഷ്യല്‍ മീഡിയകളോടുള്ള സംവദിക്കല്‍ തികഞ്ഞ നിയന്ത്രണത്തോടും ശാസ്ത്രീയവുമായിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കുക. അല്ലങ്കില്‍ അനുഗ്രഹത്തിന് പകരം വിപത്തായിരിക്കും സോഷ്യല്‍ മീഡിയകള്‍ നമുക്ക് തിരിച്ചു തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."