വാതിലും ജനലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറി; ഉത്രയുടെ മരണത്തില്‍ ദുരൂഹത
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. ഏറം വെള്ളിശേരി വീട്ടില്‍ ഉത്ര(25) പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ സി.ഐയ്ക്കും റൂറല്‍ എസ്.പിയ്ക്കും പരാതി നല്‍കിയത്.
ഈ മാസം ഏഴിനാണ് ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഇടതു കൈയ്യില്‍ പാമ്പുകടിയേറ്റതിന്റെ പാട് കണ്ടത്.
പാമ്പുകടിയേറ്റിട്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ഉത്രയുടെ എസി കിടപ്പുമുറിയുടെ ജനലുകള്‍ തുറന്നിട്ടത് സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്.
പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. പാമ്പിനെ ആദ്യം കണ്ടതും ഭര്‍ത്താവാണ്. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും വിശദമായ അന്വേഷണത്തിലൂടെ മരണകാരണം പുറത്ത് കൊണ്ടുവരണമെന്നും അച്ഛന് വിശ്വസേനനും സഹോദരന് വിഷ്ണുവും പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."