സാക്ഷിമൊഴിയെ തുടര്‍ന്ന് ബാര്‍ കോഴയില്‍ തുടരന്വേഷണം
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായി കൂടുതല്‍ സാക്ഷികള്‍ വെളിപ്പെടുത്തലുകളുമായി സമീപിച്ച സാഹചര്യത്തിലാണ് വീണ്ടും തുടരന്വേഷണം വേണ്ടിവന്നതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ കെ.എം മാണി നല്‍കിയ ഹരജിയില്‍ രണ്ടാം വട്ട തുടരന്വേഷണത്തിന്റെ ആവശ്യമെന്താണെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സരീഷ് നല്‍കിയ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016 ഓഗസ്റ്റ് 11ന് കേസില്‍ സാക്ഷികളായ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ട്രഷറര്‍ ജേക്കബ് കുര്യന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സാജു ഡൊമിനിക് എന്നിവര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കി. ജേക്കബ് കുര്യന്‍ 2014 മാര്‍ച്ച് 22ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെയും പിന്നീട് പാലായിലെത്തി മാണിയെയും കണ്ടിരുന്നു. സാജു ഡൊമിനിക്കില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി ബാറുടമയായ ജോണ്‍ കല്ലാട്ടിന് നല്‍കിയെന്നും തുക മാണിക്ക് നല്‍കിയോയെന്ന് അറിയില്ലെന്നുമാണ് ജേക്കബ് കുര്യന്‍ ആദ്യം മൊഴി നല്‍കിയിരുന്നത്.
എന്നാല്‍, അസോസിയേഷന്റെ കോട്ടയം ജില്ലാ സെക്രട്ടറി കുഞ്ഞുമോനൊപ്പം 15 ലക്ഷം രൂപ 2014 മാര്‍ച്ച് 22ന് മാണിയുടെ വസതിക്ക് സമീപം എത്തിച്ചെന്നും ഈ തുക ജേക്കബ് കുര്യന് നല്‍കിയെന്നും സാജു ഡൊമിനിക് വ്യക്തമാക്കി. കൂടുതല്‍ വെളിപ്പെടുത്താനുണ്ടെന്ന് ഇവര്‍ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. ഇവര്‍ കേസിലെ മുഖ്യസാക്ഷികളാണ്. നേരത്തെ രണ്ടു തവണ അന്തിമ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും ഈ സാക്ഷികള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. ഈ കേസില്‍ പണം കൈമാറ്റം നടന്നതുള്‍പ്പെടെ വിവരങ്ങള്‍ അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് പൂര്‍ണമായും പാലിക്കാതെയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാരണങ്ങളാലാണ് രണ്ടാംവട്ട തുടരന്വേഷണം വേണ്ടിവന്നതെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."