കണ്ഡമാലില്‍ പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ ഏറ്റുമുട്ടലില്‍ മരിച്ചത് വിവാദമാകുന്നു
ന്യൂഡല്‍ഹി: ഒഡിഷയിലെ കണ്ഡമാലില്‍ രണ്ടുവയസുള്ള പിഞ്ചുകുഞ്ഞടക്കം ആറു ദലിത് ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മാവോയിസ്റ്റുകള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ കണ്ഡമാല്‍ എസ്.പി പിനാക് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ വെടിവച്ചുകൊന്നത്.
സുരക്ഷാസംഘം എത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും ഇതേതുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിനിടയില്‍ അതുവഴി വാഹനത്തിലെത്തിയ ഗ്രാമീണര്‍ കുടുങ്ങുകയായിരുന്നുവെന്നുമാണ് പൊലിസ് ഭാഷ്യം. ഏറ്റുമുട്ടല്‍ സ്ഥലത്തേക്കു വരികയായിരുന്ന ഗ്രാമീണരെ തടയുന്നതിന് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സംഭവസമയത്ത് പ്രദേശത്തു ശക്തമായ മഴയുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ തൊഴിലുറപ്പുപദ്ധതിക്കു കീഴില്‍ ജോലിയെടുക്കുന്നവരാണ് കൊല്ലപ്പെട്ടവര്‍. ഇവര്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ വാങ്ങിയ ശേഷം ഗുന്‍ഗുഡുമാഹയിലുള്ള അവരുടെ വസതിയിലേക്കു ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു. രണ്ടുവയസുള്ള ജെഹാദ് ദിഗല്‍, പിതാവ് ലുതു ദിഗല്‍, മുന്‍ ഉപ സര്‍പാഞ്ച് കുകുല ദിഗല്‍, ബ്രിംഗുലി മല്ലിക്ക്, പിമാറി മല്ലിക്ക്, മെദിയസി ഡിഗല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ അഞ്ചുപേര്‍ക്കു പരുക്കുമുണ്ട്. പ്രത്യേക ദൗത്യസേനയുടേത് തെറ്റായതീരുമാനമായിരുന്നുവെന്നും നിര്‍ഭാഗ്യകരമായത് സംഭവിച്ചെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിലെയും ഒരാള്‍ക്കുവീതം സര്‍ക്കാര്‍ജോലിയും അദേഹം വാഗ്ദാനം ചെയ്തു.
സൈന്യത്തിന്റെ നടപടിയെ പ്രതിപക്ഷമായ കോണ്‍ഗ്രസും ബി.ജെ.പിയും വിവിധ മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. സംഭവമുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഒഡിഷ സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗോപാല്‍പൂര്‍ - റായ്പൂര്‍ ദേശീയപാത ഏറെനേരം ഉപരോധിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും പ്രദേശത്തു നിന്ന് സി.ആര്‍.പി.എഫ് ഭടന്‍മാരെ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് മേഖലയില്‍ ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തുന്നത്. നവംബറില്‍ മാവോയിസ്റ്റുകളെന്നു സംശയിച്ച് പ്രദേശവാസികളായ മൂന്നു ദലിതുകളെ സൈന്യം വെടിവച്ചുകൊന്നത് വന്‍വിവാദമായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ കേരളത്തില്‍ ജോലിചെയ്യുന്ന മകനെ വിളിക്കാനായി ഉയര്‍ന്ന സ്ഥലത്തേക്കു മൊബൈല്‍ ഫോണുമായി പോയ ധുബ നായകിനെയും ഭാര്യയെയും മാവോയിസ്റ്റുകളെന്നു സംശയിച്ചു കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."