പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു; ബാവിക്കര സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര ഗവ. എല്‍.പി സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലീദ് ബെള്ളിപ്പാടിയുടെ ഇടപെടല്‍ മൂലമാണു കുടിവെള്ള ക്ഷാമത്തിനു പരിഹാരമായത്. സ്‌കൂളിലും ബാവിക്കര, കെ.കെ പുറം ഭാഗങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ കുറിച്ച് കഴിഞ്ഞ ദിവസം 'സുപ്രഭാതം ' വാര്‍ത്ത നല്‍കിയിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട പഞ്ചായത്ത് പ്രസിഡന്റ് ബാവിക്കര കുന്നില്‍ നുസ്‌റത്ത് നഗറിലെ ബി.എം അബ്ദുല്ലയുമായി ബന്ധപ്പെടുകയും ഇദ്ദേഹത്തിന്റെ വാഹനത്തില്‍ സ്‌കൂളിനാവശ്യമായ കുടിവെള്ളം സ്‌കൂള്‍ അടക്കുന്നതു വരെ ദിവസവും എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയുമായിരുന്നു.
ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പുരസം കലരുകയും സ്‌കൂളിനു സമീപത്തുള്ള കിണറുകള്‍ വറ്റി തുടങ്ങിയതോടെ സ്‌കൂളില്‍ ഉച്ചക്കഞ്ഞി പാകം ചെയ്യാന്‍ പോലും വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്നു.
അടുത്ത വേനല്‍കാലത്തിനു മുമ്പായി സ്‌കൂളിലെ ജലക്ഷാമത്തിനു ശാശ്വതമായ പരിഹാരം കാണുന്നതിനു വേണ്ടിയുള്ള പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."