ഇനി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങേണ്ട എല്ലാം മൊബൈലില്‍ ലഭിക്കും
സ്വന്തം ലേഖകന്‍
നിലമ്പൂര്‍: സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും ഇനി പൊതുജനങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ കയറിയിറങ്ങേണ്ട. തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കായി സമഗ്ര സോഫ്റ്റ് വെയര്‍ തയാറാവുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും കൃത്യതയും സമയക്ലിപ്തതയും നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) എന്ന സമഗ്ര സോഫ്റ്റ് വെയറാണ് ജൂലൈ മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടപ്പാക്കുക. ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണിപ്പോള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
നിലവില്‍ സേവന സോഫ്റ്റ് വെയറിലൂടെ ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകളില്‍ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ ഫയലിങിലൂടെ സാധ്യമാകുന്നത്. അവ ഇ ഫയല്‍ ചെയ്താലും രേഖകളൊക്കെ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ സോഫ്റ്റ് വെയര്‍ നിലവില്‍ വരുന്നതോടെ ജനന, മരണ, വിവാഹ രജിസ്‌ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതു ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാകുകയും ചെയ്യും.
ഉപഭോക്താവിന് തന്റെ ഇന്‍ബോക്‌സിലും, ഇമെയിലായും സേവനം ലഭ്യമാക്കുന്ന സംവിധാനം ഇതിലുണ്ട്.
ഈ സോഫ്റ്റ് വെയര്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും വിന്യസിക്കുന്നതോടെ, സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് രേഖകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുകയും എവിടെ നിന്നും പ്രിന്റ് ചെയ്ത് എടുക്കാവുന്നതുമാണ്.
പദ്ധതി നടപ്പാകുന്നതോടെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേയും ധനകാര്യ ഇടപാടുകള്‍, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥനതലത്തില്‍ ലഭ്യമാക്കാനും, അതുവഴി സര്‍ക്കാരിന് നയപരമായ തീരുമാനമെടുക്കലുകള്‍ക്കും തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.
ഇത് ഓഫിസ് പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യും.
സര്‍ക്കാരിന്റെ വിവരസാങ്കേതിക നയത്തിന് ഊന്നല്‍ നല്‍കികൊണ്ട് ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍, ആവര്‍ത്തന ചെലവ് കുറയ്ക്കുകയും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യം. മറ്റ് വകുപ്പുകളിലും ഉടന്‍ ഈ സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."