ദുബൈയിലേക്ക് പോകുന്ന യുവാവിന്റെ കൈവശം കഞ്ചാവ് ഒളിപ്പിച്ച ഹല്‍വ കൊടുത്തയക്കാന്‍ ശ്രമം
താമരശേരി: വിദേശത്തേക്ക് പോകുന്ന യുവാവിന്റെ കൈവശം കഞ്ചാവ് ഒളിപ്പിച്ച ഹല്‍വ കൊടുത്തയക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ മുനീഷ് ആണ് പിടിയിലായത്. പുതുപ്പാടി അടിവാരം കമ്പിവേലുമ്മല്‍ അശ്‌റഫിന്റെ മകന്‍ അനീഷാണ് ചതിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ദുബൈയില്‍നിന്ന് അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാര്‍സലുമായി എത്തിയത്. അനീഷിന്റെ തന്നെ മാതൃ സഹോദരനായ സിദ്ദീഖ് ദുബൈയിലുള്ള മകന്‍ ഷാനിദിന് നല്‍കാനായി ഏല്‍പ്പിച്ച ഹല്‍വയാണെന്നായിരുന്നു മുനീഷ് അറിയിച്ചത്. തന്റെ തന്നെ ബന്ധു തന്നയച്ചതാണെന്ന് വിശ്വസിച്ച് സംശയിക്കാതെ പാര്‍സല്‍ വാങ്ങിവച്ചു.
പായ്ക്ക് ചെയ്തതില്‍ സംശയം തോന്നി പൊതി അഴിച്ചു നോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചു വച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അനീഷ് വിദേശത്തേക്ക് പോയി. ബന്ധുക്കള്‍ നടത്തിയ നീക്കത്തില്‍ ഇന്നലെ ഉച്ചയോടെ മുനീഷ് പിടിയിലായി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം താമരശേരി പൊലിസില്‍ അറിയിച്ചു.
എസ്.ഐ ശറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."