ലോക്ക് ഡൗണ്‍ കാലത്ത് സാധാരണക്കാരുടെ പോക്കറ്റടിച്ച് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ സാധാരണക്കാരുടെ കീശയില്‍ കൈയിട്ടുവാരി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. ബജാജ് ഫിന്‍സര്‍വ് അടക്കമുള്ള സ്ഥാപനങ്ങളാണ് മഹാവ്യാധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരുടെ പോക്കറ്റടിക്കുന്നത്.
മൊറട്ടോറിയം ആവശ്യപ്പെടാത്തവര്‍ക്കു പോലും മൊറട്ടോറിയം അനുവദിച്ചുകൊണ്ടാണ് ഇവര്‍ സാധാരണക്കാരെ പിഴിയുന്നത്. പേഴ്‌സണല്‍ ലോണായി ഇവര്‍ നല്‍കിയ തുകയ്ക്ക് ആവശ്യപ്പെടാതെ തന്നെ ഏപ്രില്‍ മാസത്തെ അടവു മുടങ്ങിയതിന്റെ പേരില്‍ ഇവര്‍ മൊറട്ടോറിയം അനുവദിച്ചു. തുടര്‍ന്ന് 6,070 രൂപ മാസ അടവുള്ളയാള്‍ക്ക് മൊറട്ടോറിയം അനുവദിച്ചതിന്റെ പേരില്‍ 2,130 രൂപ അധികമായി അടയ്ക്കണമെന്ന സന്ദേശവും നല്‍കി.
ചതി മനസ്സിലാക്കാതെ നിരവധിയാളുകള്‍ ഇത്തരം സ്ഥാപനങ്ങളുടെ ചതിക്കുഴിയില്‍ വീണുപോകുകയാണ്. എന്നാല്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നുമുണ്ട്. ഇതോടെ വായ്പക്കാരോട് മൊറട്ടോറിയം ആവശ്യമില്ലെന്ന അപേക്ഷ നല്‍കുകയാണെങ്കില്‍ ഈ തുക പിടിക്കുകയില്ലെന്ന ന്യായമാണ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നത്. വായ്പയെടുത്തവര്‍ ആവശ്യപ്പെടാതെ എന്തിന് മൊറട്ടോറിയം നല്‍കിയെന്ന ചോദ്യത്തിന് ഇവര്‍ക്കു കൃത്യമായ മറുപടിയില്ല.
വായ്പയെടുത്ത് ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ വാങ്ങിയവരും ഇവരുടെ ചൂഷണത്തിന് ഇരകളാകുന്നുണ്ട്. ഏപ്രില്‍ മാസത്തെ തിരിച്ചടവിനു തടസ്സം നേരിട്ടവരില്‍ നിന്നെല്ലാം 650 രൂപയോളം ചെക്ക് മടങ്ങിയതിന്റെ ചാര്‍ജായും ഇത്തരം സ്ഥാപനങ്ങള്‍ പിടിച്ചുപറിക്കുന്നു. 1,200 രൂപയോളം മാസ അടവുള്ളവര്‍ക്കാണ് തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ 650 രൂപയോളം കൊള്ളപ്പലിശ നല്‍കേണ്ടിവരുന്നത്.
മൊറട്ടോറിയം ആവശ്യപ്പെടുന്ന ഉപഭോക്താവിനു തിരിച്ചടവ് തുകയിലെ മുതലിനു മാത്രമാണ് മൊറട്ടോറിയം ബാധകമാവുക. ഇതിലെ പലിശ അതേ രീതിയില്‍ തന്നെ ഓരോ മാസവും ബാങ്കുകള്‍ ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."