സ്റ്റേഷനില്‍ സൂക്ഷിച്ച ലോറിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ചു: എസ്.ഐയില്‍നിന്ന് 30,000 രൂപ ഈടാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
മലപ്പുറം: പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ടിപ്പര്‍ ലോറിയില്‍ നിന്നും യന്ത്രഭാഗങ്ങളും ടയറുകളും മോഷണം പോയ സംഭവത്തില്‍ താല്‍ക്കാലിക നഷ്ടപരിഹാരമായി ആഭ്യന്തരവകുപ്പ് സെക്രട്ടറി 30,000 രൂപ രണ്ട് മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സംഭവത്തില്‍ വീഴ്ച വരുത്തിയ കൊളത്തൂര്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോസ്ഥരില്‍ നിന്നും തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.2016 ഫെബ്രുരി 19ന് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എസ്.ഐയില്‍ നിന്നാണ് തുക ഈടാക്കേണ്ടത്. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിജുമോന്റെ ടിപ്പര്‍ ലോറിയാണ് മണല്‍ കടത്തിയെന്ന പേരില്‍ 2015ല്‍ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോറി വിട്ടുനല്‍കാന്‍ 2016 ഫെബ്രുവരി അഞ്ചിന് സ്റ്റേഷനിലെത്തിയപ്പോള്‍ വാഹനത്തിന്റെ വീലുകളും ടയറുകളും ട്യൂബുകളും ഡിസ്‌ക്കുകളും അടക്കം ഊരിമാറ്റിയെന്നാണ് പരാതി. ഇക്കാര്യം എസ്.ഐയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വേണമെങ്കില്‍ വാഹനവുമായി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കമ്മിഷന്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിയില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങുകയും റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ കമ്മിഷനിലെ അന്വേഷണ വിഭാഗം ഡിവൈ.എസ്.പി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എസ്.ഐയുടെ ശ്രദ്ധക്കുറവ് കാരണമാണ് പരാതിക്കാരന് നഷ്ടങ്ങള്‍ സംഭവിച്ചതെന്ന് അന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.
വാഹനം കസ്റ്റഡിയിലെടുത്ത ഉ്യോഗസ്ഥര്‍ മുതല്‍ വാഹനം വിട്ടുകിട്ടാന്‍ പരാതിക്കാര്‍ സമീപിച്ച എസ്.ഐവരെയുള്ളവര്‍ കേസില്‍ ഉത്തരവാദികളാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം കമ്മിഷനു മുന്‍പാകെ ആഭ്യന്തര വകുപ്പ് സെക്രട്ടറി സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."