കദീജക്കുട്ടിയുടെ ഖബറടക്കം നടന്നത് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം: കടുത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്
തൃശൂര്‍: കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടി (73)യുടെ മൃതദേഹം ഇന്ന് എട്ടുമണിയോടെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ചു. ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചില്ല. രാവിലെ കടപ്പുറം അടി തിരുത്തി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലായിരുന്നു ഖദീജയുടെ ഖബറടക്കം.
മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് ഖബറടക്കത്തിന് സന്നദ്ധരായെത്തിയത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കാള്‍ പ്രകാരം പുലര്‍ച്ചെ അഞ്ചിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി വിഖായ വളണ്ടിയേഴ്‌സുള്‍പ്പടെ നാലുപേര്‍ മാത്രമാണ് പ്രത്യേക കവചിത വസ്ത്രമണിഞ്ഞ് മരണനാന്തര കാര്യങ്ങള്‍ക്ക് ഖബര്‍സ്ഥാനില്‍ മൃതദേഹവുമായെത്തിയത്.
ടി.ആര്‍. ഇബ്രാഹിം, പി.കെ.അലി, പി.എ.അന്‍വര്‍, കബീര്‍ മുനക്കക്കടവ് എന്നിവര്‍ മൃതദേഹം ഖബര്‍സ്ഥാനിലെത്തിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമര്‍ കുഞ്ഞി, പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.എം മനാഫ്, അംഗം പി.എം. മുജീബ്, എച്ച്.ഐ. ഇ രവീന്ദ്രന്‍, ജെ.എച്ച്.ഐ എന്‍.ഡി. സനല്‍കുമാര്‍ എന്നിവര്‍ ഖബര്‍സ്ഥാനിലെത്തി.
മൂന്നുമാസം മുമ്പാണ് ഇവര്‍ മുംബൈയിലേക്ക് മക്കളെ കാണാനായി പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് കേരളത്തിലെത്തുന്നത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം.
ആദ്യമായാണ് കൊവിഡ് ബാധിച്ച് തൃശൂര്‍ ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ നാലാമത്തെ മരണവുമാണിത്. അതിനാല്‍ തന്നെ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്.
ഇവരുടെ കൂടെയുണ്ടായിരുന്ന അഞ്ച് പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം നാട്ടിലേക്ക് എത്തിയ മൂന്ന് പാലക്കാട് അമ്പലപ്പാറ സ്വദേശികള്‍ക്കൊപ്പം ഇവരുടെ മകനും ഇവരെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറുമാണ് ഇപ്പോള്‍ ക്വാറന്റീനിലുള്ളത്.
അമ്പലപ്പാറ സ്വദേശികള്‍ വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാ ഇല്ല. എന്നാല്‍ ഖദീജയുടെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയോ പരിശോധനാ ഫലം പൊസിറ്റീവാകുകയോ ചെയ്താല്‍ ഇവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."