പെരുമാറ്റച്ചട്ടലംഘനം: നോഡല്‍ ഓഫിസറെ നിയോഗിച്ചു - ജില്ലാ കലക്ടര്‍മാര്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവും നടപടികളും സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചിനകം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കംചെയ്യാന്‍ നേരത്തേതന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയിരുന്നു.
ഓരോ ദിവസവും ജില്ലകളില്‍ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍മാര്‍ നല്‍കേണ്ടത്. ഇത് പരിശോധിക്കുന്നതിന് നോഡല്‍ ഓഫിസറായി ജോ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ കെ. ജീവന്‍ബാബുവിനെ ചുമതലപ്പെടുത്തി. മതപരമായ ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് സംബന്ധിച്ച പരാതികളും നോഡല്‍ ഓഫിസര്‍ പരിശോധിക്കും.
പൊതുനിരത്തുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ ഉടനടി നീക്കം ചെയ്യും.
മന്ത്രിമാര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കംചെയ്യണം. പൊതുസ്ഥലങ്ങളില്‍ നിന്ന് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനാവശ്യമായ സുരക്ഷ പൊലിസ് നല്‍കും. ജില്ലകളില്‍ ഫഌയിങ് സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുമരാമത്ത് സ്‌പെഷല്‍ സെക്രട്ടറി കെ. മിനി, തദ്ദേശസ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എ.ഡി.ജി.പി അനന്തകൃഷ്ണന്‍, ഐ.ജിമാരായ ദിനേന്ദ്ര കശ്യപ്, പി. വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."