നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നവിധം
2008 ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഭേദഗതി പാസാക്കികൊണ്ട് ഇടത് മുന്നണി സര്‍ക്കാര്‍ തന്നെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. കൊണ്ടുനടന്നതും നീയേചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന വടക്കന്‍ പാട്ടിലെ ഈരടിയെ ഓര്‍മിപ്പിക്കുന്ന ഈ പ്രവര്‍ത്തി. നിയമം കൊണ്ടുവന്നതും ഇടതുമുന്നണി സര്‍ക്കാര്‍ നിയമത്തെ കൊന്നതും ഇടതുമുന്നണി സര്‍ക്കാര്‍.
കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായ നികത്തലുകള്‍ക്കും രൂപാന്തരപ്പെടുത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരുന്നപ്പോള്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുവാന്‍ 2008ല്‍ വി.എസ് അച്യുതാനന്ദന്റെയും റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐയിലെ കെ.പി രാജേന്ദ്രന്റെയും ശ്രമഫലമായിട്ടാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അന്ന് നിയമസഭയില്‍ പാസാക്കിയെടുത്തത്. കേരളത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക എന്നീ ഉദ്ദ്യേശത്തോടെയായിരുന്നു 'കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008' എന്ന പേരില്‍ നിയമം പാസാക്കിയത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമായിരുന്നു കേരളം. ഈ നിയമത്തെക്കുറിച്ചറിഞ്ഞ ഐക്യരാഷ്ട്ര സഭയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പ്രതികരിച്ചത് ഇത്തരമൊരു നിയമം ലോകമൊട്ടാകെ നടപ്പിലാക്കണമെന്നായിരുന്നു. ലോകത്തെ തണ്ണീര്‍ത്തടങ്ങളും വയലുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരവസ്ഥയെ ചൂണ്ടിക്കാണിച്ചായിരുന്നു അന്നദ്ദേഹം അങ്ങിനെ പ്രതികരിച്ചത്.
മുന്‍ തലമുറ നമുക്കായി കരുതിവച്ചതാണ് ഈ തണ്ണീര്‍ത്തടങ്ങളും വയലുകളും. ഇവയൊന്നും വെറുതെയല്ല. ആവാസവ്യവസ്ഥയെ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ ഇവക്ക് വലിയ പങ്കുണ്ട്. കുടിവെള്ളത്തിനായുള്ള ജലസംഭരണികളാണ് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും. ഇവ നികത്തുന്നതിനാലാണ് മഴവെള്ളം ഭൂമിയിലേക്കിറങ്ങാതെ ഒഴുകിപ്പോകുന്നതും കടുത്ത ജലക്ഷാമം കേരളം അനുഭവിക്കാന്‍ തുടങ്ങിയതും. മുന്‍ തലമുറ ഏല്‍പ്പിച്ച് പോയ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും അടുത്ത തലമുറക്ക് യാതൊരു പരുക്കും ഏല്‍പ്പിക്കാതെ കൈമാറുക എന്നതാണ് നമ്മുടെ ധര്‍മം. അതാണിവിടെ കഴിഞ്ഞ ദിവസം ഇടത് മുന്നണി സര്‍ക്കാര്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതിയിലൂടെ ലംഘിച്ചിരിക്കുന്നത്.
1970ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ 45 വര്‍ഷത്തിനുള്ളില്‍ നികത്തിക്കഴിഞ്ഞു. ആകെ വിസ്തൃതിയില്‍ അഞ്ച് ശതമാനം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ഇത് പോലും സംരക്ഷിക്കുവാന്‍ നമ്മുടെ സര്‍ക്കാര്‍ തയാറാകുന്നില്ല എന്നത് എത്രമാത്രം ഖേദകരമാണ്.
കുട്ടനാട്ടിലാണ് ഇത്തരം നികത്തല്‍ ആദ്യമായി ആരംഭിച്ചത്. കാര്‍ഷിക വിളകളെക്കാളും ലാഭകരം നാണ്യവിളകളാണെന്ന വിചാരത്താല്‍ പെട്ടെന്ന് ധനാഡ്യരാകാന്‍ അന്നത്തെ കര്‍ഷകര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തി നാണ്യവിളകള്‍ കൃഷി ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേരളമൊട്ടാകെ ഈ പ്രക്രിയ വ്യാപിച്ചു. പിന്നീട് കാര്‍ഷിക വിളകളെ ഒഴിവാക്കി അവിടെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും പണി തുടങ്ങി. അതിനെത്തുടര്‍ന്നാണ് നമ്മുടെ പാരിസ്ഥിതിക അവസ്ഥയില്‍ മാറ്റം വരാനും കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടാനും തുടങ്ങിയത്. റിസോര്‍ട്ട് നിര്‍മാണങ്ങള്‍ വ്യവസായമായതോടെ സര്‍ക്കാരും ജനപ്രതിനിധികളും മണ്ണിട്ട് നികത്തുവാന്‍ വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണിപ്പോള്‍.
1975-76ല്‍ 8.85 ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നിടത്ത് 2008ല്‍ എത്തിയപ്പോള്‍ അത് കേവലം 2.28 ലക്ഷമായി കുറഞ്ഞു. 1973 ലെ ലാന്റ് യൂട്ട്‌ലൈസേഷന്‍ ഓര്‍ഡര്‍ പ്രകാരം നെല്‍വയല്‍ കൃഷിഭൂമി പരിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇത്രയധികം ഭൂമി മണ്ണിട്ട് നികത്തിയത്. അവശേഷിക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന ഉദ്ദ്യേശത്തോടെയായിരുന്നു വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം 2008' പാസാക്കിയത്. അതാണിപ്പോള്‍ അതേ ചുവപ്പ് ഛായയുള്ള സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടു മാത്രമേ വികസനം സാധ്യമാകൂവെന്നും അടിസ്ഥാന ആവശ്യമായ ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം എന്നിവ ലഭ്യമാക്കാതെയുള്ള ഇപ്പോഴത്തെ വികസനം കേരളത്തെ നശിപ്പിക്കുമെന്നും 2008ന് ശേഷമുള്ള നികത്തലുകളെല്ലാം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ നിയമമാക്കണമെന്നും സി.പി.എം സഹയാത്രിക സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിര്‍ദേശങ്ങള്‍ പോലും കാറ്റില്‍ പറന്നുപോയിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ആവാസവ്യവസ്ഥ തകരുന്നതിനെതിരേ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന സി.പി.ഐയുടെ മന്ത്രി തന്നെ ഈ കാര്യത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചിരിക്കുന്നു എന്നത് വിരോധാഭാസം തന്നെ.
ഇതേപോലെയായിരുന്നു മൂന്നാറിന്റെ വിഷയത്തിലും സി.പി.ഐ നിലപാട് അവസാന ഘട്ടത്തില്‍ അവര്‍ പിന്മാറി. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്താമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഭേദഗതി. ഇതില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി എന്ന് പ്രത്യേകം പറയാത്തതിനാല്‍ ഭൂമാഫിയകള്‍ക്ക് ബാക്കിയുള്ള തണ്ണീര്‍ത്തടങ്ങള്‍ക്കൂടി എളുപ്പത്തില്‍ നികത്തുവാന്‍ കഴിയും. ഗസറ്റില്‍ വിജ്ഞാപനം വന്നാല്‍ ആരെതിര്‍ക്കാന്‍. പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ഭേദഗതി നിയമത്തിനെതിരേ കോടതിയില്‍ പോകാനുള്ള സാധ്യതയെപ്പോലും വളരെ സമര്‍ത്ഥമായി ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയിട്ടുണ്ട് ഭേദഗതിയിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."