ബി.എസ്.എന്‍.എല്‍ ഗേറ്റ്‌വേ കേരളത്തിലും
സാങ്കേതികവിദ്യ സദ്യ ഒരുക്കാത്ത ഒരു മേഖലയും ഇപ്പോഴില്ല. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ജീവന്‍ നിലനില്‍ക്കാനാവശ്യമായ 'കലോറിന്‍' അടങ്ങിയ കാപ്‌സ്യൂളുകള്‍ കഴിച്ച് മനുഷ്യര്‍ ഭക്ഷണം ഉപേക്ഷിക്കുന്ന സ്ഥിതി വന്നാല്‍ അത്ഭുതപ്പെടാനില്ല. നമ്മുടെ കാര്‍ഷിക വിപ്ലവ കാഴ്ചപ്പാടുകളും പ്രതീക്ഷകളും എല്ലാം എവിടെ ചെന്നെത്തും.
സാങ്കേതികവിദ്യ സൂക്ഷിച്ചു കൈകാര്യം ചെയ്യാനാണ് പഠിക്കേണ്ടത്. മൊബൈല്‍ഫോണ്‍ വലിയ ഉപകരണമാണെന്ന കാര്യത്തില്‍ ഭൂമിലോകത്താര്‍ക്കും തര്‍ക്കം ഉണ്ടാവില്ല. മരണ-ജനന വാര്‍ത്തകള്‍ പടം സഹിതം ഭൂമിയുടെ ഏതറ്റത്തും ഉടനടി എത്തിക്കാനാവുന്നത് ചില്ലറ നേട്ടമല്ലല്ലോ.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് എന്നുവച്ചാല്‍ ഇരകള്‍ക്ക് മികച്ച ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ ജി.ജി.എസ്.എന്‍ ഗേറ്റ്‌വേ ജി.പി.ആര്‍.എസ് സെര്‍വിഗ് നോഡ്, കൊച്ചി പനമ്പിള്ളി എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ചെന്നൈ ആയിരുന്നു ഗേറ്റ്‌വേ. മെച്ചപ്പെട്ട ഡാറ്റ സ്പീഡും അനുഭൂതിയും ഇനി മലയാളിക്ക് ഉറപ്പായി.
അപ്രഖ്യാപിത ഹര്‍ത്താല്‍ സംഘടിപ്പിക്കാന്‍ ഇനി കുറച്ചു കൂടി വേഗത്തില്‍ സാധ്യമാവും. സൈബര്‍ ക്രിമിനലിസം ശക്തിപ്പെടാനും ഇടയുണ്ട്. പള്ളികളില്‍ പ്രാര്‍ഥന കഴിഞ്ഞ് ഉടനെ മൊബൈലെടുത്ത് അനുഭൂതി നുകരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നല്ല സമയം മൊബൈലുകള്‍ അപഹരിക്കുന്നു.
വിദ്യാലയങ്ങളില്‍ സാറന്മാരും ശിഷ്യന്മാരും മൊബൈലില്‍ എല്ലാം മറന്നു ലയിച്ചു ചേരുന്നു. മദ്യം അപഹരിക്കുന്നതിനെക്കാളധികം ജീവന്‍ എടുക്കുന്ന റോഡപകടങ്ങളില്‍ മൊബൈല്‍ തന്നെയാണ് വില്ലന്‍. ഉടനടി അറിവെത്തിക്കുന്ന ഈ ഉപകരണം ഇനിയും ചിലതെല്ലാം ചെയ്തു തീര്‍ക്കുമെന്നുറപ്പ്.
വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്തുന്ന കിംവദന്തി പരത്താനും സൗകര്യമായി. അതിര്‍ത്തിയില്‍ അവാസ്തവ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കല്ലും ബോംബുമായി ഇറങ്ങി മരണം വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവും. ലോലവും പിഴവുള്ളതുമായ സൈബര്‍ നിയമത്തിന്റെ പോരായ്മ കാരണം കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ വിധിക്കാനാവില്ല. നന്മയെക്കാള്‍ തിന്മ പടര്‍ത്താനാണ് പലര്‍ക്കും താല്‍പര്യം. കുഞ്ഞുങ്ങളുടെ പഠനത്തിലും ആരോഗ്യത്തിലും മൊബൈലും ഇന്റര്‍നെറ്റും ഇടപെടുന്നുണ്ട്. നല്ല കരുതലുകള്‍ ഉണ്ടായില്ലെങ്കില്‍ ആരാധ്യനായ ഈ സാങ്കേതിക സൗകര്യം ആരാച്ചാരായിത്തീരുമെന്നുറപ്പ്.
അടിമവംശം
അടിമത്തം അവസാനിപ്പിക്കാന്‍ ആഹ്വാനിച്ച തത്വശാസ്ത്രങ്ങളും പോരാട്ടങ്ങളും വെല്ലുവിളിച്ചാണ് കേരള പൊലിസ് അടിമവംശം നിലനിര്‍ത്താന്‍ പണിയെടുക്കുന്നത്. റംസീസ് (ഫറോവ) ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് ഈജിപ്തില്‍ അടിമകള്‍ ഉയര്‍ത്തിയ പിരമിഡുകള്‍ ഇപ്പോള്‍ സപ്താത്ഭുതങ്ങളിലൊന്നായി നിലനില്‍ക്കുന്നു. വാസ്തവത്തില്‍ മാനവികത ബലാല്‍ക്കാരം ചെയ്ത അനേക മനുഷ്യരുടെ കണ്ണീരിന്റെ അടയാളമാണെന്നായിരുന്നു പരിചയപ്പെടുത്തേണ്ടത്. 2,5,15 ടണ്‍ ഭാരമുള്ള 23 ലക്ഷം കല്ലുകള്‍ കൊണ്ടാണ് ഈ ശവകുടീരങ്ങള്‍ പടുത്തുയര്‍ത്തിയത്. ഏറ്റവും വലിയ പിരമിഡിന് 413 അടി നീളം, 314 അടി വീതി, 200 അടി ഉയരവും ഉണ്ട്.
കേരള പൊലിസിലിപ്പോള്‍ എത്ര അടിമകളുണ്ടെന്ന് വകുപ്പ് മന്ത്രിക്ക് കൃത്യമായി അറിയില്ല. എസ്.പി റാങ്കിനു മുകളിലുള്ള ഉടമകള്‍ (യജമാനന്മാര്‍) എത്ര ഉണ്ടെന്ന് കൃത്യമായി അറിയാം. സംസ്ഥാന നിയമസഭയില്‍ കെ. മുരളീധരന്‍ പറഞ്ഞത് വയറ്റാട്ടിപ്പണിയും പൊലിസുകാര്‍ ചെയ്യേണ്ടി വരുന്നു എന്നാണ്.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാളാണ് പിണറായി വിജയന്‍. മുത്തുരത്‌നം പോലെ കാത്തുസൂക്ഷിക്കേണ്ട ധാരാളം വി.വി.ഐ.പികള്‍ വേറെയും ഉണ്ട്. ഇവരാണ് ഈ നാടിന്റെ സമ്പത്ത് എന്ന വിധമാണ് പൊലിസ് അകമ്പടിയും സേവിക്കലും നടത്തുന്നത്. പട്ടിയെ ഊട്ടുക, കുളിപ്പിക്കുക, വിസര്‍ജ്യം വൃത്തിയാക്കുക, പലവ്യഞ്ജനം വാങ്ങുക, കൊച്ചു കുട്ടികളെ പള്ളിക്കൂടത്തിലെത്തിക്കുക, തമ്പുരാട്ടികള്‍ക്കൊപ്പം പ്രഭാതസവാരിയില്‍ ഓടുക, നടക്കുക, തല്ല് മേടിക്കാന്‍ ചെകിട് കാണിക്കുക എന്നിത്യാദി അറപ്പുളവാക്കുന്ന വാര്‍ത്തകള്‍ വന്നിട്ട് കേരളത്തിലെ ഒരു സാംസ്‌കാരികനും നാവനക്കിയില്ല. പേനയും പണിമുടക്കി. 2000 പൊലിസുകാരിങ്ങനെ അന്തസുകെട്ട അവസ്ഥയിലാണത്രെ. പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റ് ജീവിക്കുന്നതാണ് ഇതിലും ഭേദം. പണി മതിയാക്കി 'പോണാല്‍ പോകട്ടും പോടാ' പാടാന്‍ സ്വതന്ത്ര ചിന്തകര്‍ക്കല്ലേ കഴിയൂ.
നാലു കാശ് കിട്ടുമെങ്കില്‍ അടിവസ്ത്രം കഴുകാനും കഴുകിയ വെള്ളം പാനം ചെയ്യാനും തയാറുള്ള കാലത്തോളം അടിമകളുടെ മാര്‍ക്കറ്റ് റേറ്റിന് മാറ്റം വരാനിടയില്ല.
കാലാവസ്ഥാ വ്യതിയാനം
പാരീസ് ഉടമ്പടിയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി. ആഗോള താപനം ഉയര്‍ത്തുന്നതില്‍ അമേരിക്കന്‍ പങ്കറിയാത്തവരല്ല ആരും. ഖരമാലിന്യങ്ങളാല്‍ 'സ്‌പെയിസ്' പോലും നിറയുകയാണ്. എവറസ്റ്റില്‍ പ്ലാസ്റ്റിക് മാലിന്യം വരുത്താനിടയുള്ള വിപത്ത് പുറത്ത് വന്നിട്ടാരും കുലുങ്ങിക്കണ്ടില്ല.
ഈ വര്‍ഷം നാല് 'പെറ' വര്‍ഷമാണെന്നാണ് പഴമക്കാരുടെ പക്ഷം. എന്നുവച്ചാല്‍ നാലു ഭാഗത്തും ചെറപറാ മഴ ഉണ്ടാവുമെന്നതാവും. കേരളത്തില്‍ വന വിസ്തൃതി കുറയുന്നു. കാലാവസ്ഥ നിരീക്ഷകര്‍ മഴ കനക്കുമെന്നു പറഞ്ഞാല്‍ വരള്‍ച്ച പ്രതീക്ഷിക്കണം. ഉരുള്‍പൊട്ടല്‍ പാറ പൊട്ടിക്കലുമായി ബന്ധമുണ്ടെന്നും ഇല്ലെന്നും ജിയോളജിക്കല്‍ റിപ്പോര്‍ട്ടു കള്‍ വരാറുണ്ട്.
കക്കാടംപൊയില്‍ വാട്ടര്‍ തീം പ്രകൃതിയെ വെല്ലുവിളിക്കലല്ലെന്ന് റിപ്പോര്‍ട്ടെഴുതിയ ഉദ്യോഗസ്ഥന്‍ ഉഗാണ്ടക്കാരനായിരുന്നില്ലല്ലോ. നേരെ മറുഭാഗത്ത് കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടി പതിനാല് മരണം നടന്നു.
കാലാവസ്ഥാ സന്തുലിതത്വം പ്രകൃതിയുടെ കൂടി സഹകരണത്തോടെ സംഭവിക്കുന്നതാണെന്നുറപ്പ്. ഉരുള്‍പൊട്ടലുകല്‍ ക്വാറികള്‍ ഇല്ലാത്ത കാലത്തും ഉണ്ടായിട്ടുണ്ടാവാം. എന്നാലും കരുതലാവശ്യമാണ്. മലകള്‍ ഭൂമിയുടെ ആണി എന്നാണ് ഖുര്‍ആന്‍ പറഞ്ഞു തന്നത്. ഈ ആണി പറിച്ചു മാറ്റിയാല്‍ ഇളക്കം, കുലുക്കം ഉണ്ടാവുമെന്നുറപ്പ്. മണ്ണെടുപ്പും കല്ലെടുപ്പും പരിധി വിടരുതായിരുന്നു. പണ്ടൊരു മലയുള്ള നാടായിരുന്നു അതുകൊണ്ടാണ് മലനാടെന്ന പേരുണ്ടായതെന്ന് പറയേണ്ട അവസ്ഥയാണ് പലയിടത്തും.
കസ്തൂരിരംഗന്‍ ചിലതൊക്കെ പറഞ്ഞു. പഠിച്ചു പറഞ്ഞതായിരുന്നു. കോടതിയില്‍ സൂക്ഷിച്ച കടലാസുകള്‍ പോലും കാണാതാവുന്ന ഈ കാലത്ത് കൈവശമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് പ്രസക്തി. പ്രകൃതിയെ വാരിത്തീര്‍ക്കാനുള്ള മത്സരം മതിയാക്കണം. വരും തലമുറകള്‍ക്കും കല്ലും മണ്ണും വേണ്ടിവരും. സര്‍ക്കാര്‍ മിഷനറി എവിടെയൊക്കെ തളരുന്നുവോ അവിടെയെല്ലാം അപായ മണി ഉറപ്പായും മുഴങ്ങാതിരിക്കില്ല.
യു.എന്നും യു.എസും
ഇരട്ട പെറ്റ മക്കളെ പോലെയാണ് ഇത് രണ്ടും. ന്യൂയോര്‍ക്കിലാണ് ആസ്ഥാനമെന്ന നിലയ്ക്കും ഫണ്ട് അധികം നല്‍കുന്ന രാഷ്ട്രം എന്ന നിലക്കും അമേരിക്കയുടെ കാല്‍ചുവട്ടിലാണ് ഐക്യരാഷ്ട്രസഭ പ്രവര്‍ത്തിച്ചു വരാറുള്ളത്. തീരുമാനങ്ങള്‍ സ്റ്റോപ്പ് ചെയ്യാനുള്ള വീറ്റോ അധികാരവും അമേരിക്കന്‍ അപ്രമാദിത്യത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഇസ്രാഈലിനു അനുകൂലമായി അമേരിക്ക 44 വീറ്റോകളാണ് ഉപയോഗിച്ചത്.
ലോക വ്യാപാര യുദ്ധത്തില്‍ ചൈനയുടെ ഇടം വികസിക്കുകയും യൂറോപ്യന്‍ യൂനിയന്‍ അടക്കം കയറ്റുമതി-ഇറക്കുമതി തീരുവകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകവഴി അമേരിക്ക ലോകത്ത് ഒറ്റപ്പെട്ടുവരികയാണ്.
ഫലസ്തീനികളെ നിര്‍ദാക്ഷിണ്യം വെടിവച്ചിടുന്ന ഇസ്രാഈലിനു സഹായം ചെയ്തു കരുത്തരാക്കുന്ന ശക്തി യഥാര്‍ഥത്തില്‍ അമേരിക്കയാണ്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഒറ്റപ്പെട്ട അമേരിക്ക കൗണ്‍സില്‍ അംഗത്വം രാജിവച്ചു കൂടുതല്‍ ഒറ്റപ്പെടുകയാണ്.
അമേരിക്കയുടെ ലോക പൊലിസ് പട്ടത്തിനു ഇടിവ് തട്ടിതുടങ്ങിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീവ്ര വലതുപക്ഷ നിലപാടും ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളും അമേരിക്കക്ക് നാശം മാത്രമേ വരുത്താനിടയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."