വോട്ടിന് പണം: മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ഗവര്‍ണറെ കണ്ടു
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിന് പണം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് അണ്ണാഡി.എം.കെ ശശികല പക്ഷത്തിനെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് ഡി.എം.കെ നേതാക്കള്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടു. പാര്‍ട്ടിയുടെ നീക്കത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എടപ്പാടി പളനിസാമിയെ നീക്കണമെന്ന് ഡി.എം.കെ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണവിധേയരായ അഞ്ച് മന്ത്രിമാരെയും പുറത്താക്കണമെന്ന് ഡി.എം.കെയുടെ അഞ്ചംഗ സംഘം മുംബൈയിലെത്തി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ഇന്നലെ നടക്കേണ്ടിയിരുന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കുന്നതിനായി പണമൊഴുക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ്, കമ്മിഷന്‍ മാറ്റിവച്ചിരിക്കുകയാണ്.
ശശികല പക്ഷത്തെ മന്ത്രിമാരുടെ വീടുകളിലടക്കം റെയ്ഡ് നടത്തി കോടികളാണ് വിജിലന്‍സ് കണ്ടുകെട്ടിയത്. 89 കോടിരൂപ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇറക്കിയെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
അണ്ണാഡി.എം.കെ ശശികല പക്ഷത്തിനുവേണ്ടി ശശികലയുടെ സഹോദരന്‍ ടി.ടി.വി ദിനകരനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
മണ്ഡലത്തില്‍ വ്യാപകമായ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഭരണപക്ഷത്തിനെതിരേ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ഗവര്‍ണറെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."