റോഹിംഗ്യകള്‍ക്കെതിരേ ആക്രമണം: സൈനിക മേധാവിയെ മ്യാന്‍മര്‍ പുറത്താക്കി
യാങ്കോണ്‍: റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ പങ്കാളിയായ മേജര്‍ ജനറല്‍ മാങ് മാങ് സോയെ മ്യാന്‍മര്‍ പുറത്താക്കി. പടിഞ്ഞാറന്‍ റാഖൈനിലെ സൈന്യത്തിന്റെ മുന്‍ തലവനായ മാങ് മാങ് സോയെ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് സ്ഥാനത്തുനിന്ന് നീക്കുകയാണെന്ന് മ്യാന്‍മര്‍ സൈന്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. റാഖൈന്‍ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംഭവിച്ച അനാസ്ഥയാണ് നടപടിക്ക് കാരണമെന്നും സൈന്യം അറിയിച്ചു.
റോഹിംഗ്യകളെ കൊലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുള്ള സോയ ഉള്‍പ്പെട്ട ഏഴ് സൈനികര്‍ക്കെതിരേ യൂറോപ്യന്‍ യൂനിയന്‍(ഇ.യു) ഈയിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരേ യാത്രാ വിലക്ക്, സ്വത്ത് മരവിപ്പിക്കല്‍ തുടങ്ങിയ നടപടികളാണ് ഇ.യു ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടി. റോഹിംഗ്യകള്‍ക്കെതിരേ ഓഗസ്റ്റ് മുതല്‍ നടന്ന ആക്രമണത്തില്‍ ഏഴു ലക്ഷത്തിലധികം ആളുകള്‍ മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. മ്യാന്‍മര്‍ സൈന്യവും ബുദ്ധസന്യാസികളുമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."