വിഷു വിപണി ലക്ഷ്യമിട്ട് മദ്യക്കടത്തും വ്യാജ വാറ്റും വ്യാപകമാവുന്നു
കുറ്റ്യാടി: വിഷു-ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് മലയോര മേഖലയിലേക്കു വന്‍തോതില്‍ മാഹി നിര്‍മിത വിദേശമദ്യ കടത്തും പരിസരങ്ങളില്‍ വ്യാജവാറ്റും വ്യാപകമാവുന്നു. ഊടുവഴികളിലൂടെയും വള്ളങ്ങളിലും മറ്റുമാണ് പൊലിസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് മദ്യം കടത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വില കുറഞ്ഞ വിദേശമദ്യം കടത്തുന്നത്.
തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളിലും മദ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് വിവരം. പ്രധാന റോഡുകളിലെ പരിശോധന ഭയന്ന് പൊലിസ് സാന്നിധ്യമില്ലാത്ത നാട്ടിന്‍പുറങ്ങളിലെ ഊടുവഴികളിലൂടെയാണ് അധികവും മദ്യം കടത്തുന്നത്. ചെറിയ വിലക്ക് മാഹിയില്‍നിന്നു വാങ്ങുന്ന മദ്യം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിയാല്‍ രണ്ടും മൂന്നിരട്ടി ലാഭമാണ് കടത്തുകാര്‍ക്ക് ലഭിക്കുന്നത്. വടകര താലൂക്കിലെ ഗ്രാമപ്രദേശങ്ങള്‍ക്കു പുറമെ പേരാമ്പ്ര, താമരശേരി, കൊടുവള്ളി, കോഴിക്കോട്, ഫറോക്ക്, ഉള്ള്യേരി, പെരുവണ്ണാമുഴി തുടങ്ങി ജില്ലയുടെ പലഭാഗങ്ങളിലേക്കും മദ്യം എത്തിക്കുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇങ്ങനെ കടത്തുന്ന മദ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അധികൃതര്‍ക്കു പിടികൂടാന്‍ കഴിയുന്നത്. ഇതിനു പുറമെ കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളുടെ വനാതിര്‍ത്തിയോടു ചേര്‍ന്ന മലയോര പ്രദേശളിലും ഒറ്റപ്പെട്ട സ്ഥലങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റും സജീവമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാവിലുംപാറ പഞ്ചായത്തിലെ ഏച്ചില്‍കണ്ടിയില്‍ നിന്ന് വ്യജവാറ്റ് ഉപകരണങ്ങളും വാഷും പിടികൂടിയിരുന്നു.
പൊലിസിനും എക്‌സൈസിനും വനാതിര്‍ത്തിയോട് ചേര്‍ന്ന കൊടപ്പടി, കുവ്വക്കൊല്ലി, ലഡാക്ക്, മീന്‍പറ്റി തുടങ്ങിയ പ്രദേശങ്ങളിലെ വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ എത്തിപ്പെടുക ഏറെ പ്രയാസമാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പലപ്പോഴും ഇത്തരം വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."