സമ്മര്‍ദ ശക്തിയാവാനൊരുങ്ങി പട്ടികജാതി സംഘടനകള്‍
കല്‍പ്പറ്റ: വയനാട്, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ സമ്മര്‍ദ ശക്തിയാവാനൊരുങ്ങി പട്ടികജാതി സംഘടനകള്‍. മൂന്ന് മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണവര്‍.
വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോത്ര (സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ മൂവ്‌മെന്റ് ഫോര്‍ ട്രൈബല്‍ യൂത്ത്) എന്ന സംഘടനയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്കു പിന്തുണ അറിയിച്ച് എസ്.സി, എസ്.ടി കോണ്‍ഫെഡറേഷന്‍, പണിയ സമാജം, ആദിവാസി ഫോറം, കാട്ടുനായ്ക്ക കൂട്ടായ്മ അടക്കമുള്ള നിരവധി സംഘടനകളാണ് രംഗത്തുള്ളത്.
ഈമാസം 18ന് ശേഷം തൃശൂരില്‍ എല്ലാ സംഘടനകളെയും ഉള്‍ക്കൊള്ളിച്ച് യോഗം ചേരാനിരിക്കുകയാണ് ഇവര്‍. ഈ യോഗത്തില്‍ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് തീരുമാനമെന്ന് ഗോത്രയുടെ ചെയര്‍മാന്‍ ബിജു കാക്കത്തോട് പറഞ്ഞു.
ഇത്തരത്തില്‍ ഇവര്‍ സ്ഥാനാര്‍ഥികളെ ഇറക്കിയാല്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരിക വയനാട്ടിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായിരിക്കും. ഏതാണ്ട് രണ്ടര ലക്ഷത്തിനു മുകളിലാണ് വയനാട് മണ്ഡലത്തിലെ ആദിവാസി ജനസംഖ്യ. ഇതു മുഴുവനായും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമൊന്നും ഗോത്രയുടെ പ്രവര്‍ത്തകര്‍ക്കില്ല. എന്നാല്‍ 25,000 വോട്ടുകളെങ്കിലും തങ്ങള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥിയുടെ പേരില്‍ വീണാല്‍ അത് ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അവര്‍ കരുതുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.ഐ ഷാനവാസ് വിജയിച്ചുകയറിയത് 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. നിലവില്‍ മണ്ഡലം ആടിയുലയുന്ന സാഹചര്യമാണുള്ളതെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ നേടുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയാകുമെന്നുമാണ് ഇവരുടെ അവകാശവാദം. ജനസംഖ്യയില്‍ കാല്‍ഭാഗത്തോളമുള്ള തങ്ങളെ ഒരു മുന്നണിയും ജനറല്‍ സീറ്റുകളില്‍ പരിഗണിക്കുന്നില്ലെന്നതിനാലാണ് ഇത്തരത്തില്‍ മുന്നണികള്‍ക്ക് മുന്നറിയിപ്പുമായി തങ്ങളിറങ്ങുന്നതെന്നാണ് ഗോത്രയുടെ അവകാശവാദം. ഇതിനായി മുഴുവന്‍ ആദിവാസി സംഘടനകളെയും ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
തൃശൂരിലും തിരുവനന്തപുരത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അവര്‍ പറയുന്നു. പാലക്കാട് മണ്ഡലത്തിന്റെ കാര്യം തൃശൂരില്‍ നടക്കുന്ന യോഗത്തിനു ശേഷം തീരുമാനിക്കും. വയനാട്, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നത് ഉറപ്പിച്ചു കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."