ആദിവാസി കുടുംബത്തെ പൊലിസ് മര്‍ദിച്ചതായി പരാതി
വിതുര: അതിര്‍ത്തി ലംഘിച്ചെത്തിയ ആര്യനാട് പൊലിസ് ആദിവാസിയായ വീട്ടമ്മയെയും സുഖമില്ലാത്ത ഭര്‍ത്താവിനെയും മകനെയും മര്‍ദിച്ചതായി പരാതി .
ശനിയാഴ്ച രാത്രി ഏഴരയോടെ മീനാങ്കല്‍ കൊച്ചുകിളിക്കോട് തടത്തരികത്തു വീട്ടില്‍ ഭഗവാന് കാണി (57), അംബിക (49), ഇവരുടെ മകന് രതീഷ് (28 ) എന്നിവരെയാണ് ആര്യനാട് പൊലിസ് വീട്ടില്‍ കയറി പിടിച്ചിറക്കി മര്‍ദിച്ചതായി പരാതിയുള്ളത്.
മീനങ്കല്‍ ഭാഗത്തു നിന്നും വന്ന പൊലിസ് രതീഷിനെ അനാവശ്യമായി പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച അംബികയെ വയറ്റില്‍ ചവിട്ടുകയും കൈപിടിച്ച് തിരിച്ചതായും ഇവര്‍ പറയുന്നു.
മകനെയും ഭാര്യയെയും മര്‍ദിക്കരുതെന്ന് ആവശ്യപ്പെട്ട ഭഗവാന് കാണിയെയും പൊലിസ് മര്‍ദിച്ചു.
വിതുര പൊലിസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട തങ്ങളെ ആര്യനാട് പൊലിസ് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത് എന്തിനാണെന്നറിയല്ലെന്നും സംഭവത്തെ കുറിച്ചു അന്വേഷിച്ചു നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭഗവാന് കാണി, അംബിക, രതീഷ് എന്നിവര്‍ മീനാങ്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ പൊലിസിന്റ ഭാഗത്ത് വീഴ്ചയുണ്ടോണ്ട എന്ന് അന്വേഷിക്കുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ശിവപ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."