വമ്പന്മാര്‍ രണ്ടാം അങ്കത്തിന്
പോര്‍ച്ചുഗല്‍ - 1 ഇറാന്‍ - 1
മോര്‍ഡോവിയ അരീന: മത്സരത്തിന്റെ അവസാനം വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പോര്‍ച്ചുഗല്‍ - ഇറാന്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ബിയിലെ അവസാനത്തെതും നിര്‍ണായകവുമായ മത്സരത്തില്‍ ഇറാനെ 1-1 സമനിലയില്‍ തളച്ച് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടില്‍ പ്രവേശിച്ചു.
ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 45ാം മിനുട്ടില്‍ ക്വരെസ്മയിലൂടെ മുന്‍പിലെത്തിയ പോര്‍ച്ചുഗലിനെ 93ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കരീം അന്‍സാരിഫാര്‍ദ് ആണ് ഒപ്പം പിടിച്ചത്. 53ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കി. താരത്തിന്റെ ദുര്‍ബല ഷോട്ട് ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബൈറന്‍വന്‍ഡ് തടുത്തിട്ടു. ഇതോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറാമെന്ന പോര്‍ച്ചുഗലിന്റെ സ്വപ്നങ്ങള്‍ അസ്തമിച്ചു. 30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വെയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോക്ക് ഇന്നലെ മോശം ദിവസമായിരുന്നു. പെനാല്‍റ്റി പാഴാക്കിയതിന് പുറമേ മഞ്ഞക്കാര്‍ഡും വാങ്ങിയാണ് ക്രിസ്റ്റി മടങ്ങിയത്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ റൊണാള്‍ഡോക്ക് ഒരു മഞ്ഞക്കാര്‍ഡും കൂടെ ലഭിച്ചാല്‍ പോര്‍ച്ചുഗലിനെ അത് കാര്യമായി ബാധിക്കും. മത്സരത്തിന്റെ 74 ശതമാനം പന്ത് കൈവശം വച്ചെങ്കിലും പോര്‍ച്ചുഗലിന് ഇറാന്‍ പ്രതിരോധം തകര്‍ത്ത് ഗോള്‍ നേടാനായില്ല. 45ാം മിനുട്ടില്‍ ക്വരെസ്മയും അഡ്രിയാന്‍ സില്‍വയും നടത്തിയ നീക്കത്തിനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്. പന്തുമായി മൈതാനത്തിന്റെ വലതു ഭാഗത്തു കൂടെ ഓടിക്കയറിയ ക്വരെസ്മ ബോക്‌സിന് പുറത്ത് വച്ച് തന്റെ വലതുകാലിന്റെ പുറംവശം കൊണ്ടടിച്ച പന്ത് മഴവില്ല് പോലെ വളഞ്ഞ് പോസ്റ്റിന്റെ ഇടത് ഭാഗത്ത് കയറി. ഒരു ഗോള്‍ വീണതോടെ ഇറാന്‍ പൊരുതിയെങ്കിലും പറങ്കികള്‍ പിടിവിടാതെ പൊരുതിനിന്നു. 90+3 മിനുട്ടില്‍ ബോക്‌സില്‍ വച്ച് പോര്‍ച്ചുഗല്‍ താരം സെഡ്രികിന്റെ കൈയില്‍ പന്ത് തട്ടിയതിന് വാര്‍ സംവിധാനം വഴി ലഭിച്ച പെനാല്‍റ്റി കരീം അന്‍സാരിഫാര്‍ദ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സമനിലനേടിയെങ്കിലും ഇറാന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
മൊറോക്കോ 2 - 2 സ്‌പെയ്ന്‍
കലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ബിയിലെ വാശിയേറിയ പോരാട്ടത്തില്‍ മൊറോക്കോയെ സമനിലയില്‍ പിടിച്ച് സ്‌പെയ്ന്‍ രക്ഷപ്പെട്ടു. രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന് ശേഷമാണ് സ്‌പെയ്ന്‍ മൊറോക്കോയെ സമനിലയില്‍ പിടിച്ചത്. 92ാം മിനുട്ടില്‍ അസ്പാസാണ് നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിന്റെ രക്ഷകനായത്. 14ാം മിനുട്ടില്‍ ഖാലിദ് ബൊതൈബിലൂടെ മുന്‍പിലെത്തിയ മൊറോക്കോയെ 19ാം മിനുട്ടില്‍ ഇസ്‌കോയിലൂടെ സ്‌പെയ്ന്‍ സമനിലയില്‍ പിടിച്ചു. 81ാം മിനുട്ടില്‍ യൂസെഫ് എന്‍ നെസരിയിലൂടെ മൊറോക്കോ വീണ്ടും ലീഡ് നേടിയെങ്കിലും 92ാം മിനുട്ടില്‍ അസ്പാസിന്റെ ബാക്ക് ഹീല്‍ ഗോളില്‍ സ്‌പെയ്ന്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച മൊറോക്കോ ഈ മത്സരത്തില്‍ സ്‌പെയ്‌നിനും ശക്തമായ ഭീഷണി ഉയര്‍ത്തി. മത്സരത്തില്‍ 75 ശതമാനം പന്ത് കൈവശം വച്ചെങ്കിലും സ്‌പെയ്ന്‍ മൊറോക്കോയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് മുന്നില്‍ വിയര്‍ത്തു. പ്രീക്വാര്‍ട്ടര്‍ സാധ്യതയില്ലെങ്കിലും മൊറോക്കോ സ്‌പെയിനിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം മുടക്കുമെന്ന ഘട്ടത്തിലാണ് അസ്പാസ് രക്ഷകനായെത്തിയത്. കിട്ടിയ അവസരങ്ങളെല്ലാം മൊറോക്കോ നന്നായി ഉപയോഗപ്പെടുത്തി. 14ാം മിനുട്ടില്‍ മൊറോക്കോ ആദ്യ ഗോള്‍ നേടി. സ്‌പെയ്ന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ ഖാലിദ് ഗോള്‍കീപ്പര്‍ ഡീ ഗിയയുടെ കാലിനടിയിലൂടെ പന്ത് വലയിലെത്തിച്ചു. മൊറോക്കോയുടെ ആഹ്ലാദത്തിന് അഞ്ച് മിനുട്ടേ ആയുസുണ്ടായിരുന്നുള്ളൂ. 19ാം മിനുട്ടില്‍ ഇനിയേസ്റ്റ നല്‍കിയ പന്ത് ഇസ്‌കോ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയില്‍ കയറ്റി. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സമനില മാത്രം വേണ്ടിയിരുന്ന സ്‌പെയ്ന്‍ പന്ത് കൈവശം വച്ച് കളിച്ചു. ഇതിനിടെ 81ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് യൂസെഫ് എന്‍ നെസരി മൊറോക്കോക്ക് ലീഡ് നേടിക്കൊടുത്തു. അവസാന മിനുട്ടില്‍ ഗോള്‍ വീണതോടെ സ്‌പെയ്ന്‍ സമ്മര്‍ദത്തിലായി. ഗോള്‍ നേടാനാവാതെ കിതച്ച സ്‌പെയിനിനെ 92ാം മിനുട്ടില്‍ കര്‍വാജല്‍ ഗോള്‍മുഖത്തേക്കടിച്ച പന്ത് പുറംകാല് കൊണ്ട് അസ്പാസ് വലയിലെത്തിച്ചു. സമനിലയോടെ സ്‌പെയ്ന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയ്‌നിന് ജുലൈ ഒന്നിന് നടക്കുന്ന മത്സരത്തില്‍ റഷ്യയാണ് എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."