ചരിത്രത്തിലേക്ക് മിഴി തുറന്നു; ഉക്കാദ് മേളയ്ക്ക് ഇന്ന് തുടക്കം
ജിദ്ദ: സഊദി സാംസ്‌കാരിക ആഘോഷങ്ങളുടെ സുപ്രധാന പരിപാടികളിലൊന്നായ സൂഖ് ഉക്കാദ് മേള ഇന്നു തുടങ്ങും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി ടൂറിസം പൈതൃക കമ്മിഷന്‍ അറിയിച്ചു.
സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ആഘോഷത്തിന്റെ മേല്‍നോട്ടം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ മേള ഉദ്ഘാടനം ചെയ്യും. മേള ജുലൈ 13ന് സമാപിക്കും.
പുരാതന കാലം മുതലുള്ള പരിപാടികള്‍, നാടകങ്ങള്‍, പുരാതന ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റ്, കായിക മത്സരം തുടങ്ങിയവ മേളയോടനുബന്ധിച്ച് നടക്കും. ഏഷ്യന്‍, യുറോപ്യന്‍, അമേരിക്കന്‍ ടൂറിസ്റ്റുകളുടെ 2200 പേരടങ്ങിയ അന്‍പതോളം സംഘം ഉക്കാദ് മേള സന്ദര്‍ശിക്കും. സഊദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താന്‍ 50 ഓളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നഗരിയില്‍ പ്രദര്‍ശിപ്പിക്കും.
മക്ക, ജിദ്ദ, അല്‍ബാഹ, റിയാദ്, തായിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ മേളയുടെ പ്രചരണാര്‍ഥം വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഒട്ടക കാഫിലകള്‍, കുതിരയോട്ടം, പരമ്പരാഗത നൃത്തങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സാഹിത്യകാരന്മാരും കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റും പങ്കെടുക്കും.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകര്‍ ഇക്കുറി മേളയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മേളയുടെ എക്‌സിക്യൂട്ടീവ് അബ്ദുല്ല അല്‍ സവാത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."