അധികാരത്തിലെത്തിയാല്‍ ആയുഷ്മാന്‍ പദ്ധതിക്ക് ബദല്‍: രാഹുല്‍
റായ്പൂര്‍: മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആരോഗ്യ സംരക്ഷണം ഉറപ്പു നല്‍കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതൊരു വ്യക്തിക്കും ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ സാധിക്കുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുക. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. മോദി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ ഛത്തിസ്ഗഡിലെ റായ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയത്.
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 20 അതിസമ്പന്നര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയെന്നതാണ് മോദിയുടെ നയമെന്നും രാഹുല്‍ വിമര്‍ശിച്ചു.
പ്രകടന പത്രികയില്‍ മൂന്ന് കാര്യങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യ രംഗത്ത് ചികിത്സ ഉറപ്പാക്കും വിധത്തിലാണ് ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുക. ആരോഗ്യ രംഗത്തെ ചെലവുകള്‍ക്കായി ബജറ്റ് വിഹിതത്തില്‍ മൂന്ന് ശതമാനം അധിക തുക വകയിരുത്തും. കൂടാതെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിന് പുറമെ ആരോഗ്യ വിദ്യാഭ്യാസത്തിനും കൂടുതല്‍ തുക വകയിരുത്തും.
തൊഴിലില്ലായ്മ പരിഹരിക്കുകയും കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുകയെന്നതും യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കുന്നു. ആയുഷ്മാന്‍ പദ്ധതിയില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഇത്തരത്തിലുള്ള പദ്ധതി രാജ്യത്തിന് അനുകരണീയമാണെന്ന് പറയാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
'വടക്കന്‍ വലിയ നേതാവല്ല'
റായ്പൂര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. 'ടോം വടക്കനോ, അദ്ദേഹം വലിയ നേതാവല്ല' എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് നെഹ്‌റു-ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുമായി അടുത്ത ബന്ധവും നിലനിര്‍ത്തിയിരുന്ന വടക്കന്‍, പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത് അപ്രതീക്ഷിതമായിരുന്നു. വടക്കന്റെ നീക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാനും രാഹുല്‍ ഗാന്ധി തയാറായില്ല. ടോം വടക്കന് എല്ലാ അശംസകളും നേരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. അതേസമയം വടക്കന്‍ വലിയ നേതാവല്ലെങ്കില്‍ പിന്നെ ആരാണ് കോണ്‍ഗ്രസിലെ വലിയ നേതാവെന്ന് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."