കേരളത്തില്‍ നിന്നുള്ള ഹജ്ജ് വളണ്ടിയര്‍ നിയമനം പ്രതിസന്ധിയില്‍
നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാരെ മക്കയിലും മദീനയിലും സഹായിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള വളണ്ടിയര്‍മാരുടെ പട്ടികക്ക് അംഗീകാരമായില്ല. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്ന് തീര്‍ഥാടകര്‍ യാത്രയാകാന്‍ കേവലം ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ തീര്‍ഥാടകരോടൊപ്പം യാത്രയാകേണ്ട വളണ്ടിയര്‍മാരുടെ (ഖാദിമുല്‍ ഹജ്ജാജ് ) നിയമനം നീളുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഈ വര്‍ഷം വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് നടന്നതായും അതിനാല്‍ പട്ടിക റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹജ്ജ് കമ്മിറ്റി അംഗം ഹൈക്കോടതിയെ സമീപിച്ചതാണ് നടപടികള്‍ വൈകാന്‍ ഇടയാക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'ഖാദിമുല്‍ ഹജ്ജാജിലെ ' അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഇന്റര്‍വ്യൂ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ന്യൂനപക്ഷ കമ്മിഷന്‍ ഡയറക്ടറെ കൂടി നിയമിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഏപ്രില്‍ 7,8 തിയതികളിലായി അപേക്ഷകരുടെ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. 325 അപേക്ഷകരില്‍ നിന്നും 226 പേരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചിരുന്നത്. ഇവരില്‍ നിന്നും തെരഞ്ഞെടുത്ത 56 പേരുടെ പട്ടികയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. മുന്‍ വര്‍ഷങ്ങളില്‍ 300 തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാണ് ഖാദിമുല്‍ ഹജ്ജാജിനെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ 200 തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായി വളണ്ടിയര്‍മാരില്‍ വനിതാ പ്രാതിനിധ്യവുമുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ അന്തിമ വിധി വൈകുന്നതാണ് തുടര്‍ നടപടികള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഔദ്യോഗികമായി ഇവരെ ചുമതലപ്പെടുത്തിയതിന് ശേഷം ഓരോരുത്തര്‍ക്കും കീഴിലുള്ള 200 വീതം തീര്‍ഥാടകരുടെ പട്ടിക ഇവര്‍ക്ക് നല്‍കും.
പിന്നീട് വളണ്ടിയര്‍മാരാണ് തീര്‍ഥാടകരെ ഫോണില്‍ ബന്ധപ്പെട്ട് യാത്ര സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈമാറുന്നത്. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്നത് വരെ തീര്‍ഥാടകരെ നയിക്കുന്നതും ഖാദിമുല്‍ ഹജ്ജാജ് ആണ്. കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി നീണ്ടാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സര്‍ക്കാരും ഗുരുതരമായ പ്രതിസന്ധിയാകും നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."