സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണം വിവാദമായ 2007 മാതൃകയില്‍
മലപ്പുറം: സംസ്ഥാനത്തെ നിര്‍ദിഷ്ട പാഠ്യപദ്ധതി പരിഷ്‌കരണം 2007 ലെ വിവാദ കരിക്കുലം ചട്ടക്കൂട് മാതൃകയില്‍. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന, ദേശീയ ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ ഇതിന്റെ സമീപന രീതിക്ക് പ്രാഥമിക രൂപം നല്‍കി.
ഒന്നുമുതല്‍ പ്ലസ്ടു വരേയുള്ള മുഴുവന്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയും സമഗ്രമായി മാറ്റുന്നതിനുള്ള നയ രീതിക്ക് മൂന്നുദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്നുവരുന്ന പാഠ്യപദ്ധതി പരിഷ്‌കരണ സെമിനാറിലാണ് പ്രാഥമിക രൂപം നല്‍കിയത്.
2005ല്‍ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപ രേഖയുടെ(എന്‍.സി.എഫ്) ചുവടു പിടിച്ച് 2007ലാണ് എം.എ ബേബി വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരിക്കേ കേരള പാഠ്യപദ്ധതി ചട്ടക്കൂട്(കെ.സി.എഫ്) നടപ്പാക്കിയത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ താല്‍പ്പര്യങ്ങള്‍ കുത്തിനിറച്ചുള്ള പാഠ്യപദ്ധതിക്കെതിരേ വിവിധ മത, സാംസ്‌കാരിക, അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. 'മതമില്ലാത്ത ജീവന്‍' ഉള്‍പ്പെടെ മതവിരുദ്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ ശക്തമായ സമരങ്ങളും കേരളത്തില്‍ നടന്നു. ഇതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് 2013ല്‍ വീണ്ടും പാഠ്യപദ്ധതി പരിഷ്‌കരിച്ചത്.
അക്കാദമിക നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന 2013 ലെ രീതി മാറ്റി പഠന പ്രക്രിയക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പാഠ്യ പദ്ധതി പരിഷ്‌കരണം നടത്താനാണ് എസ്.സി.ഇ.ആര്‍.ടിയില്‍ മൂന്നുദിവസങ്ങളിലായി നടന്ന ശില്‍പശാല പദ്ധതി തയാറാക്കിയിരിക്കുന്നത്. 2007ലെ പാഠ്യപദ്ധതി മികച്ചതാണെന്ന് വിലയിരുത്തുന്ന കരട് സമീപന രേഖ അവതരിപ്പിച്ചു കൊണ്ട്, എസ്.സി.ഇ.ആര്‍.ടിയില്‍ അധ്യാപക സംഘടനകളെ പങ്കെടുപ്പിച്ച് ആശയരൂപീകരണ യോഗം നേരത്തെ ചേര്‍ന്നിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പരിഷ്‌കരണത്തെ തത്വത്തില്‍ അംഗീകരിച്ച അധ്യാപക സംഘടനകളില്‍ പലരും നയരീതിയെ ചോദ്യം ചെയ്തിരുന്നു.
യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിശദമായ ശില്‍പശാല നടത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഡല്‍ഹി രൂപമായ ഭാരതീയ ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ മേധാവി അനിതാ റീബാല്‍, കേരളത്തിലെ സി.രാമകൃഷ്ണന്‍, ടി.പി കലാധരന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് സെമിനാറിലെ റിസോഴ്‌സ് പേഴ്‌സണ്‍സ്.
കരിക്കുലം കമ്മിറ്റി അംഗങ്ങള്‍, അന്യ സംസ്ഥാനങ്ങളിലെ അക്കാദമിക് വിദഗ്ധര്‍, 2007 കരിക്കുലം കമ്മിറ്റി അംഗങ്ങള്‍, എസ്.സി.ഇ.ആര്‍.ടിയിലെ ചില ഓഫിസര്‍മാര്‍ എന്നിവരാണ് പ്രധാനമായും സെമിനാറില്‍ പങ്കെടുക്കുന്നത്. 2007ലെ വിവാദ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ചുക്കാന്‍ പിടിച്ചവരെ തന്നെ ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ നയ രൂപീകരണം വിവാദമാക്കാതിരിക്കാന്‍ ചില അധ്യാപക സംഘടനാ നേതാക്കളെ യോഗ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്.
കരിക്കുലംകമ്മിറ്റി അംഗങ്ങളില്‍ ചിലരെ അറിയിക്കാതെ നടത്തുന്ന യോഗത്തിനു പിന്നില്‍ പരിഷത്ത് താല്‍പര്യമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
2019-20 വര്‍ഷം പരിഷ്‌കരണത്തിന്റെ നയരേഖക്ക് അന്തിമരൂപം തയാറാക്കി 2020-21 അക്കാദമിക വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചന. പരീക്ഷയുടെ പ്രാധാന്യം പാടെ അവഗണിച്ചുകൊണ്ടുള്ള രീതി ഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."