ജൈവകൃഷി വ്യാപനം; മണ്ണിരക്ക് ഡിമാന്‍ഡ് കൂടി
പാലക്കാട്; ജൈവകൃഷി വ്യാപനത്തോടെ മണ്ണിരയ്ക്ക് ഡിമാന്‍ഡ് കൂടി. ഒരു മണ്ണിരയ്ക്ക് ഒരു രൂപവരെയാണ് വില കണക്കാക്കി കര്‍ഷകര്‍ക്കിടയില്‍ കൈമാറ്റം നടക്കുന്നത്. മണ്ണിര ഉത്പാദനം നടത്തുന്ന കര്‍ഷകരുമുണ്ട്. മണ്ണുത്തിയില്‍ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനുള്ള ടാങ്ക് വാങ്ങുമ്പോള്‍ സൗജന്യമായി നല്കുന്നത് പത്തോ പതിനഞ്ചോ മണ്ണിരകളെയാണ്.
മണ്ണിരയുള്ള കൃഷിയിടങ്ങളും തോട്ടങ്ങളും എപ്പോഴും വിള സമൃദ്ധമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മണ്ണിളകി കിടക്കുന്നതിനാല്‍ വേരുകള്‍ അനായാസം മണ്ണിലിറങ്ങി ചെടിതഴച്ചുവളരുമെന്ന് സ്വന്തമായി മണ്ണിര ഉത്പാദനം നടത്തുന്ന കുറവായ് പാടശേഖരസമിതി സെക്രട്ടറി ചെന്താമര പറയുന്നു.
രാസകീടനാശിനികളും അമിത രാസവളപ്രയോഗവും മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ഹാനികരമാകുന്ന സ്ഥിതി സംജാതമായതോടെ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികളും മറ്റും ജൈവരീതിയില്‍ കൃഷി ചെയ്ത് ഉണ്ടാക്കാനാണ് കര്‍ഷകര്‍ക്ക് താത്പര്യം.
വില്പനയ്ക്കുള്ള ഉത്പന്നങ്ങളാണെങ്കിലും അമിതമായി രാസകീടനാശിനി ഉപയോഗിക്കുന്നതിലും കര്‍ഷകന്‍ പിറകോട്ടുപോയിട്ടുണ്ട്. സ്വന്തക്കാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം കാന്‍സര്‍പോലെയുള്ള മാരകരോഗങ്ങള്‍ പിടിപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ഇത്തരം കൃത്രിമ കൃഷിരീതികള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍തന്നെ തയാറാകുന്നു.
മണ്ണിനു നല്ല നനവുള്ള മഴക്കാലത്താണ് കൃഷിയിടങ്ങളില്‍ മണ്ണിര നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇരുപൂ നെല്‍കൃഷി ചെയ്യുന്ന നെല്‍പാടങ്ങളിലാണെങ്കില്‍ മഴയ്ക്കുശേഷവും മണ്ണിരയെ നിക്ഷേപിക്കാം.
പാടത്തും പറമ്പുകളിലും മേഞ്ഞുനടക്കുന്ന മാടുകളുടെ ചാണകത്തോടൊപ്പം വേണം മണ്ണിരയെ നിഷേപിക്കാന്‍. ഇങ്ങനെ നിക്ഷേപിക്കുന്ന പത്തോ ഇരുപതോ മണ്ണിരകള്‍വഴി നാല്പതുദിവസംകൊണ്ട് മണ്ണിരകളുടെ എണ്ണം നൂറുകണക്കിനാകും. മണ്ണിര കമ്പോസ്റ്റ് രീതിയാണ് മണ്ണിര പെരുകാന്‍ ഏറെ ഉത്തമമായ മാര്‍ഗം.
രണ്ടടിയോ മൂന്നടിയോ ഉയരമുള്ള ടാങ്കില്‍ ചാണകവും തൊഴുത്തിലെ പുല്ലുവേസ്റ്റും അടുക്കള വേസ്റ്റും ചേര്‍ത്ത് മണ്ണിര ഉത്പാദനം നടത്താം. ടാങ്കിന്റെ ഏറ്റവും അടിയില്‍ പത്തോ ഇരുപതോ മണ്ണിരയെ നിക്ഷേപിച്ച് അതിനുമുകളില്‍ ചാണകവും പുല്ലുവേസ്റ്റും നിരത്തണം. ഒരടി ഉയരത്തിലായാല്‍ വീണ്ടും ചാണകം ഇടണം.ഇങ്ങനെ ലെയറുകളായി നിക്ഷേപിക്കുന്ന ചാണകവും വേയ്സ്റ്റ് സാധനങ്ങളും മണ്ണിരകള്‍ തിന്ന് 40 ദിവസംകൊണ്ട് നല്ല ജൈവവളവും ആവശ്യത്തിനുള്ള മണ്ണിരകളെയും ഉണ്ടാക്കാമെന്ന് ചെന്താമര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."