'കാഞ്ചാരി' വിട്ടൊരുകളിക്കും തമിഴന്‍ തയാറല്ല...
തൊടുപുഴ: കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന തമിഴ്‌നാട്ടില്‍ കൃഷിക്ക് കീടനാശിനി ഉപയോഗിക്കുന്നത് ഇന്നും നിര്‍ബാധം തുടരുന്നു. 'കാഞ്ചാരി' (കീടനാശിനി) അടിച്ചില്ലെങ്കില്‍ വിള ഉണ്ടാകില്ലെന്നാണ് അവിടുത്തെ കര്‍ഷകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കാഞ്ചാരി വിട്ടൊരു കളിക്കും തമിഴ് കര്‍ഷകര്‍ തയാറല്ല. താരതമ്യേന സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന ഉള്ളിക്കു പോലും അപകടകരമായ രീതിയില്‍ കീടനാശിനി പ്രയോഗിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് അവിടെയുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചാല്‍ കാണാനാവുക.
കീടനാശിനി ഉപയോഗത്തിനെതിരേ കേരളത്തില്‍ ഉയരുന്ന പ്രതിഷേധം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് ഇപ്പോഴും കാര്യങ്ങള്‍. കമ്പം അടക്കമുള്ള തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയിടങ്ങളില്‍ അപകടകരമായ തോതില്‍ ആണ് കീടനാശിനി ഇപ്പോഴും ഉപയോഗിക്കുന്നത്.
ബീന്‍സിലും ക്യാരറ്റിലും ചെറിയ ഉള്ളിയിലും പൊതിന ഇലയിലും എല്ലാം യഥേഷ്ടം കീടനാശിനി ഉപയോഗിക്കുകയാണിവിടെ. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ അളവ് പരിശോധിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതിനുള്ള സംവിധാനം കേരളത്തിലില്ലെന്നതാണ് വസ്തുത.
കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ കീടങ്ങളുടെ ആക്രമണം കൂടുതലാണെന്ന് അവിടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളും സമ്മതിക്കുന്നു. മഴയുടെയും ജലലഭ്യതയുടെയും കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ബീന്‍സ് പോലുള്ള വിളകളെ വേഗം കീടം ആക്രമിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചെറിയ ഉള്ളി കൃഷിയിടത്തില്‍ നനയ്ക്കാനായി തടമെടുത്ത് അതിലൂടെ വെളളം ഒഴുക്കുമ്പോള്‍ തന്നെ കീടനാശിനി കൂടി കലര്‍ത്തുകയാണ് ചെയ്യുന്നത്. അഴുകല്‍ രോഗം ചെറുക്കാനായാണ് കിഴങ്ങ് വര്‍ഗങ്ങളില്‍ കീടനാശിനി വ്യാപകമായി ഉപയോഗിക്കുന്നത്.
മധുര, കമ്പം, തേനി പ്രദേശങ്ങളില്‍ അനധികൃത എന്‍ഡോസള്‍ഫാന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. മാത്രമല്ല, അനധികൃതമായി കീടനാശിനികള്‍ ഇവിടെ നിന്ന് കേരളത്തിലേക്ക് കടത്തുന്നുമുണ്ട്. മോണോ ക്രോട്ടോഫോസ്, ട്രൈസാഫോസ്, പ്രെഫനോഫോസ്, ഫോറേറ്റ്, ഫ്യുറഡാന്‍ തുടങ്ങിയ നിരോധിത കീടനാശിനികളാണ് നിയന്ത്രണമില്ലാതെ എത്തുന്നത്.
അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍ ആര്‍ക്കും യഥേഷ്ടം ഇവ കൊണ്ടുവരാന്‍ കഴിയും. കഴിഞ്ഞദിവസം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇടുക്കി രാജാക്കാടിന് സമീപത്തുനിന്ന് അനധികൃത കീടനാശിനി ശേഖരം പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പാഠം ഉള്‍ക്കൊണ്ടാണ് മാരകമായ കീടനാശിനികള്‍ കേരളം നിരോധിച്ചത്. തളിക്കുന്ന തൊഴിലാളികള്‍ക്കുപോലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കീടനാശിനികള്‍ ഏറെ സമ്മര്‍ദങ്ങളെത്തുടര്‍ന്നാണു നിരോധിച്ചത്. കീടനാശിനികള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നയുടനെ കൃഷിവകുപ്പ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരം നിരീക്ഷണങ്ങളില്ല. ഒരേ കീടനാശിനി തന്നെ പതിവായി ഉപയോഗിക്കുന്ന രീതിയാണ് തമിഴ്‌നാട്ടിലേത്.
ഒരേ കീടനാശിനി ഉപയോഗിക്കുമ്പോള്‍ കീടങ്ങളുടെ പ്രതിരോധശേഷി വര്‍ധിക്കുകയും ഇവ കൂടുതല്‍ ശക്തമായി കൃഷിയെ ആക്രമിക്കുകയും ചെയ്യും. അതിനാല്‍ കൂടുതല്‍ അളവില്‍ ഒരോ തവണയും കീടനാശിനി പ്രയോഗിക്കുകയാണിവിടെ. സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ഉള്ള കീടനാശിനികള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇവയെക്കുറിച്ചൊന്നും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ബോധവാന്‍മാരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."