ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു കാരണവശാലും ലഹരിക്കടിമപ്പെടില്ലെന്നും ലഹരിക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു നീങ്ങണം.'വിമുക്തി' കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍കരണത്തില്‍ വിദ്യാര്‍ഥികള്‍ ഭാഗമാകണം. അങ്ങനെ വന്നാല്‍ നമുക്ക് നമ്മളെയും നാടിനെയും രക്ഷിക്കാനാകും. നാട് പുരോഗമിക്കുമ്പോള്‍ നാടിന്റെ ത്രസിക്കുന്ന യുവതയെ നിര്‍വീര്യമാക്കാനാണ് ലഹരി, മയക്കുമരുന്ന് മാഫിയകള്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരേ വിദ്യാര്‍ഥികളില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട് എന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ബോധവത്കരണത്തിനുള്ള സംസ്ഥാനതല അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനായി. ലഹരിക്കെതിരേയുള്ള ഓപ്പണ്‍ ക്യാന്‍വാസിന്റെ ഉദ്ഘാടനം ചിത്രം വരച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു.
കെ. മുരളീധരന് എം.എല്‍.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് നാഷനല്‍ സര്‍വിസ് സ്കീം വളണ്ടിയര്‍മാരുടെ റാലിയും സംഘടിപ്പിച്ചു.മികച്ച ലഹരി വിരുദ്ധ സംഘടനയ്ക്കുള്ള പുരസ്കാരം പുനലാല്‍ ഡെയില്വ്യൂവും, ലഹരിവിരുദ്ധ പ്രവര്‍ത്തനുള്ള പുരസ്കാരം ഡോ. കെ. വേണുഗോപാലും ഏറ്റുവാങ്ങി.
വയലാ ഗവ. എച്ച്.എസ്.എസ് ക്ലബ് (മികച്ച സ്കൂള്‍ ക്ലബ്), അതുല്‍ ഒ.ടി (കൂത്തുപറമ്പ് എച്ച്.എസ്.എസ് മികച്ച സ്കൂള്‍ ക്ലബ് അംഗം), വിമലാ കോളജ് ക്ലബ് (മികച്ച കോളജ് ക്ലബ്), സിദ്ധാര്‍ഥ് എ.എസ് കുമാര്‍ (എം.ഇ.എസ് കോളജ് മികച്ച കോളജ് ക്ലബ് അംഗം) എന്നിവരും അവാര്‍ഡുകള്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."