യാനിസ്: അഭയാര്‍ഥികള്‍ക്കു നേരെ തുറന്നുവച്ച ക്യാമറക്കണ്ണ്
യാനിസ് ബറാക്കിസ്, സംഘര്‍ഷ ഭൂമികളില്‍ ഉരുകിത്തീരുന്നവര്‍ക്കു നേരെ തുറന്നു വച്ച ക്യാമറക്കണ്ണിന്റെ പേരായിരുന്നു അത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍. റോയിട്ടേഴ്‌സിന്റെ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്ക് ചുവട്ടില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ആ ഗ്രീക്ക് പേരുണ്ടായിരുന്നു. 58-ാം വയസ്സില്‍ അര്‍ബുദം ജീവിതത്തിന്റെ ഫ്രെയിമുകള്‍ അവസാനിപ്പിക്കും വരെ അദ്ദേഹം ഓടുകയായിരുന്നു.
സിറിയ, അഫ്ഗാന്‍, ലിബിയ, കൊസോവ, ചെച്‌നിയ, സിയറ ലിയോണ്‍, സൊമാലിയ, ഈജിപ്ത്, ടുണീഷ്യ, ഉക്രൈന്‍, കശ്മീര്‍, ഇറാഖ്, ഫലസ്തീന്‍...അങ്ങനെ ലോകത്തിലെ ദുരന്തഭൂമിയിലെ ചിത്രങ്ങള്‍ അദ്ദേഹം ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.
ഒന്നും പ്രതിഫലം ആഗ്രഹിച്ചായിരുന്നില്ലെന്ന് തന്റെ അവസാന കാലത്തെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. സുന്ദരമായ ഈ ലോകത്തിന്റെ മറുകോണുകളില്‍ ഇങ്ങനെയും നടക്കുന്നുണ്ടെന്ന് പറയുക എന്നതായിരുന്നു യാനിസിന്റെ ചിത്രരാഷ്ട്രീയം. 'ഞാന്‍ അത് അറിഞ്ഞില്ലല്ലോ എന്നാരും പറയാതിരിക്കാനാണ് ക്യാമറ തുറന്നുവെച്ചത്. മറുവശത്തെ കാണാത്ത മനുഷ്യരെ കാട്ടിത്തരിക മാത്രമായിരുന്നു ഞാന്‍'- അദ്ദേഹം പറഞ്ഞു.
'എന്റെ ജോലി ചിത്രങ്ങളിലൂടെ ജീവിതം കാട്ടിത്തരികയായിരുന്നു. അതു ചെയ്തു. പിന്നെന്തുവേണമെന്ന് തീരുമാനിക്കേണ്ടത് ചിത്രം കണ്ടവരാണ്'
മാസിഡോണിയ-ഗ്രീസ് അതിര്‍ത്തിയില്‍ ആര്‍ത്തലച്ച മഴയില്‍ മകളെയുംകോരിയെടുത്ത്, മാറത്തടുക്കി ചുംബിച്ച് വിശാലമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നുവരുന്ന സിറിയന്‍ അഭയാര്‍ഥിയായ പിതാവിന്റെ ചിത്രമായിരുന്നു തന്റെ ക്യാമറക്കണ്ണില്‍ പതിഞ്ഞ ചിത്രങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയം. അതേക്കുറിച്ച് യാനിസ് പറഞ്ഞതിങ്ങനെ 'പ്ലാസ്റ്റിക്ക് ചവറുബാഗ് മഴക്കോട്ടാക്കി വരുന്ന ആ അച്ഛന് ശരിക്കുമൊരു സൂപ്പര്‍മാന്റെ രൂപമായിരുന്നു. ഏതു ദുരന്തത്തിലും സൂപ്പര്‍ഹീറോകള്‍ ശേഷിക്കുമെന്നതിന്റെ അടയാളംപോലെ. ലോകത്തെ എല്ലാ അച്ഛന്മാരുടെയും അവരുടെ അതിരില്ലാത്ത സ്‌നേഹത്തിന്റെയും ഫ്രെയിം'.
ദുരന്തങ്ങളുടെ നടുവില്‍നിന്നാണ് യാനിസിന്റെ ക്യാമറകള്‍ ലോകത്തോട് സംവദിച്ചത്. ഓരോചിത്രങ്ങള്‍ക്കൊപ്പവും ലോകം നടുങ്ങിവിറച്ചു. സങ്കടം കാഴ്ചക്കാരുടെ തൊണ്ടക്കുഴിയില്‍ തടഞ്ഞ് കണ്ണില്‍ ഇത്തിരിത്തുള്ളികളായി. അതിര്‍ത്തികളില്‍ വന്നിറങ്ങുന്ന മനുഷ്യരുടെ സ്വത്വം ലോകം ചര്‍ച്ചചെയ്തത് യാനിസിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. ചിത്രങ്ങള്‍ക്ക് പിന്നാലെ പോയി ചിത്രമെടുത്ത് മടങ്ങുകയായിരുന്നില്ല യാനിസ് ചെയ്തിരുന്നത്. ക്യാമറകള്‍ക്ക് പിന്നില്‍ കണ്ണുകള്‍ മിന്നിമറയുമ്പോള്‍തന്നെയും മറുകരം അതിലെ കഥാപാത്രങ്ങള്‍ക്ക് നേരെ നീട്ടുക കൂടി ചെയ്തിരുന്നു ആ മനുഷ്യസ്‌നേഹി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."