പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നതും ഒരു പ്രതിഫലമാണ്
ഇസ്‌റാഈല്‍ സന്തതികളിലാണു സംഭവം. വലിയ ഭക്തനായ ഒരാളുണ്ടായിരുന്നു അക്കൂട്ടത്തില്‍. എഴുപതു വര്‍ഷം അയള്‍ ആരാധനാനിമഗ്നനായി ജീവിച്ചു. ചെയ്യേണ്ടതു ചെയ്തും ചെയ്യരുതാത്തതു വെടിഞ്ഞും തന്റെ പരിശുദ്ധി അയാള്‍ കാത്തുസൂക്ഷിച്ചു. ഒരിക്കല്‍ ഒരു പരീക്ഷണമുണ്ടായി. ആരും പതറിപ്പോകുന്ന പരീക്ഷണം. ഒരു മാലാഖ വന്ന് അദ്ദേഹത്തോട് പറഞ്ഞു: ''നിങ്ങളുടെ ഈ ആരാധനാകര്‍മങ്ങളൊന്നും സ്വര്‍ഗപ്രവേശത്തിനു പര്യപ്തമല്ല...?''
ആലോചിച്ചുനോക്കൂ, ഈ അനുഭവം നമുക്കാണെങ്കില്‍ നാം എന്തു ചെയ്യും..? നിങ്ങളുടെ ഈ ജോലിക്കൊന്നും കൂലി കിട്ടില്ലെന്നു പറഞ്ഞാല്‍ ആ ജോലി തുടരാന്‍ നാം തയാറാകുമോ...?
ഭക്തന്‍ പറഞ്ഞ മറുപടി കേള്‍ക്കേണ്ടതുതന്നെ. അദ്ദേഹം പറഞ്ഞു: ''ഞങ്ങളെ സൃഷ്ടിച്ചത് ആരാധനയ്ക്കാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ആരാധിക്കാതിരിക്കാന്‍ കഴിയില്ല...!''
പ്രതിഫലം കിട്ടുമോ ഇല്ലെയോ എന്നതിലല്ല, ഉത്തരവാദിത്ത നിര്‍വഹണത്തിലാണു ശ്രദ്ധ വേണ്ടത്. ഫലത്തിലല്ല, പ്രവൃത്തിയിലാണു കണ്ണുവേണ്ടത്. കൂലിയിലല്ല, ജോലിയിലായിരിക്കണം മനസ്. തന്റെ ലേഖനം പത്രാധിപര്‍ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും എഴുത്തു തുടരുന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍. അവനാണ് മികച്ച എഴുത്തുകരനായി മാറുകയും ചെയ്യുക. ശ്രോതാക്കള്‍ എത്ര കുറഞ്ഞാലും കിട്ടുന്ന പ്രതിഫലതുക എത്ര തുച്ഛമാണെങ്കലും പ്രഭാഷണം തുടരുന്നവനാണ് യഥാര്‍ത്ഥ പ്രഭാഷകന്‍. അവനാണ് മികവുറ്റ പ്രഭാഷകനായി മാറുകയും ചെയ്യുക. തനിക്കു കിട്ടിയ ക്ലാസില്‍ ഉഴപ്പന്മാരും കുഴപ്പക്കാരുമായ വിദ്യാര്‍ഥികളാണു കൂടുതലെങ്കിലും സാവേശം ക്ലാസെടുക്കാന്‍ തയാറാകുന്നവനാണ് യഥാര്‍ത്ഥ അധ്യാപകന്‍. ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായി ലഭിച്ചത് നന്ദികേടാണെങ്കിലും ഉപകാരം തുടരുന്നവനാണ് യഥാര്‍ത്ഥ സാമൂഹ്യസ്‌നേഹി.
ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം ഉത്തരം നല്‍കുമോ എന്ന് ചോദിക്കുന്നവരുണ്ട്. പ്രാര്‍ത്ഥനയ്ക്കുത്തരം കിട്ടുമോ ഇല്ലെയോ എന്നു നാം നോക്കേണ്ടതില്ല. നമ്മോട് പ്രാര്‍ത്ഥിക്കാനേ പറഞ്ഞിട്ടുള്ളൂ. ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും കല്‍പ്പന പാലിക്കാന്‍ കഴിയുക എന്നതു തന്നെ വലിയ കാര്യമല്ലേ.
വിജയം ഉറപ്പായാല്‍ മാത്രമേ പദ്ധതിക്കൊരുങ്ങൂ എന്നു ശഠിച്ചാല്‍ ഒരു കാര്യവും നടക്കില്ല. വിജയമുറപ്പിച്ച് കാര്യം തുടങ്ങുക. തുടങ്ങിയശേഷമല്ലേ വിജയവും പരാജയവുമൊക്കെ. തുടങ്ങാത്തവന് എങ്ങനെ തുടങ്ങിയ ശേഷം മാത്രം ഉണ്ടാകാന്‍ പോകുന്ന ജയപരാജയം പ്രവചിക്കാനാവും..? പരീക്ഷ എഴുതാതെ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനാവുമോ..? പ്രാര്‍ത്ഥിക്കാതെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടാവില്ലെന്നു പറയാമോ..? ആദ്യം ജോലി ചെയ്യുക. അതിനു ശേഷം പ്രതിഫലം നോക്കുക. അവസാനം നോക്കേണ്ടത് ആദ്യം നോക്കിയാല്‍ ആദ്യത്തേത് നോക്കാനാവില്ല.
പ്രതിഫലം മാത്രം മോഹിച്ച് ദൗത്യത്തിനിറങ്ങുന്നവനില്‍നിന്ന് സൃഷ്ടിപരമായതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ജോലിക്ക് ആളെ വിളിക്കുമ്പോള്‍ ആദ്യം തന്നെ എത്ര കിട്ടും എന്നു ചോദിക്കുന്നവനെ നിയമിക്കാതിരിക്കലായിരിക്കും ബുദ്ധി. അതിനു പകരം എന്തൊക്കെയാണ് ഉത്തരവാദിത്തങ്ങള്‍ എന്നു ചോദിക്കുന്നവനെ നിയമിക്കാം. കാരണം, ഒന്നാമന്റെ മനസ് പ്രതിഫലത്തിലാണ്. രണ്ടാമന്റേത് ഉത്തരവാദിത്തത്തിലും. ഒന്നാമന് പ്രതിഫലം കിട്ടിയാല്‍ മാത്രം മതി. രണ്ടാമന് ഉത്തരവാദിത്തമാണു പ്രധാനം.
കൂലിയെ സ്‌നേഹിക്കുന്നവന് ജോലി പലപ്പോഴും അരോചകമായി തോന്നും. അതുകൊണ്ടാണ് അത്തരക്കാര്‍ ജോലിസ്ഥലത്ത് വൈകി വരികയും വൈകാതെ സ്ഥലംവിടുകയും ചെയ്യുന്നത്. അതേസമയം ജോലിയെ സ്‌നേഹിക്കുന്നവന് ആ ജോലിയില്‍നിന്നു ലഭിക്കുന്ന സന്തോഷം തന്നെയാണ് ഒന്നാമത്തെ പ്രതിഫലം. ഇനി അവന് കൂലി ലഭിച്ചില്ലെങ്കിലും വലിയ പ്രശ്‌നമുണ്ടാവില്ല. കൂലി ലഭിച്ചാലോ, അതു മധുരത്തിനു മേല്‍ മധുരവുമായി.
വലിയ പ്രതിഫലം മോഹിച്ച് ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിനെക്കാള്‍ ചെറിയ പ്രതിഫലത്തിന് ഇഷ്ടമുള്ള ജോലി ചെയ്യലാണു നല്ലത്. കാരണം, ഇഷ്ടമില്ലാത്ത ജോലികൊണ്ട് പണമുണ്ടാകുമെങ്കിലും പണത്തേക്കാള്‍ വലിയ മനഃസമാധാനം ഉണ്ടാവില്ല. ഇഷ്ടജോലിയില്‍ പണം കുറവായിരിക്കാമെങ്കിലും പണത്തിനപ്പുറത്തെ മനഃസമാധാനം ഉണ്ടാകും. തന്റെ കര്‍മങ്ങള്‍ സ്വര്‍ഗപ്രവേശത്തിനു മതിയാവില്ലെന്നു കേട്ടപ്പോഴും ഭക്തനായ പണ്ഡിതന്‍ ദൗത്യം ഉപേക്ഷിച്ചില്ലല്ലോ. ചെയ്യുന്ന ദൗത്യത്തെ ഇഷ്ടപ്പെടുകയോ ഇഷ്ടദൗത്യം നിര്‍വഹിക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന അത്ഭുതമാണത്. അവിടെ ലാഭേച്ഛകളുണ്ടാവില്ല. ഇഷ്ടദൗത്യം നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നതുതന്നെ അവര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ ലാഭം.
കാമുകിയില്‍നിന്ന് ഒന്നും ലഭിച്ചില്ലെങ്കിലും കാമുകിക്കായി ജീവിക്കാന്‍ കഴിയുക എന്നതു തന്നെയാണ് കാമുകനെ സംബന്ധിച്ചിടത്തോളം പരമാനന്ദകരമായ കാര്യം. ഇനി വല്ലതും ലഭിച്ചാലോ, അതിന്റെ സന്തോഷം പറയുകയും വേണ്ടാ. സ്വന്തം സ്രഷ്ടാവിനു വഴങ്ങാന്‍ കഴിയുക എന്ന പുണ്യത്തിനപ്പുറം മറ്റെന്തു ഭാഗ്യമാണ് ഇനി ഒരാളെ കാത്തിരിക്കുന്നത്..? സ്രഷ്ടാവില്‍നിന്നു യാതൊരു പ്രതിഫലവും ലഭ്യമായില്ലെങ്കില്‍തന്നെ അയാള്‍ മഹാഭാഗ്യവാനാണ്. ഇനി പ്രതിഫലം ലഭിച്ചാല്‍ ഭാഗ്യത്തിന്റെ തോത് അളക്കുക അസാധ്യവുമായിരിക്കും.
നമുക്കു നമ്മുടെ ഉത്തരവാദിത്തം നോക്കിയാല്‍ മതി; പ്രതിഫലം നോക്കേണ്ടതില്ല. പ്രതിഫലം നല്‍കേണ്ടതുണ്ടോ ഇല്ലെയോ എന്ന തീരുമാനം ദൈവത്തിന്റെതാണ്. അതവനു വിട്ടുകൊടുക്കുക. നാം നമ്മുടെ ഉത്തരവാദിത്തവും നിര്‍വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."