ഒളിഞ്ഞും തെളിഞ്ഞും അവന്‍ മാത്രം നിറയുമ്പോള്‍
സൂഫീഗായിക ആബിദ പര്‍വീന്റെ ഏറ്റവും ശ്രവിക്കപ്പെട്ട ആല്‍ബങ്ങളിലൊന്നാണ് 'രഖ്‌സയെ ബിസ്മില്‍' (മുറിവേറ്റവരുടെ നൃത്തം). മുസഫര്‍ അലി സംഗീതനിര്‍വ്വഹണം നടത്തിയ ആ സമാഹാരത്തിലെ ഒരു പ്രസിദ്ധ സൂഫീഗീതമാണ് ഹസ്‌റത് ഷാഹ് നിയാസ് രചിച്ച 'യാര്‍ കോ ഹം നെ ജാ ബജാ ദേഖാ'. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫീവര്യനും കവിയുമായിരുന്നു ഹസ്‌റത് ഷാഹ് നിയാസ് അഹ്മദ്. സമ്പന്നമായ സൂഫീ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം മാതാവ് വഴി നന്നേ ചെറുപ്പത്തിലേ സൂഫീ ധാരയിലേക്ക് പ്രവേശിച്ചു. ഖാദിരിയ്യ, ചിശ്തിത്തിയ, നിസാമിയ്യ, സുഹ്‌റവര്‍ദി കൈവഴികളിലെല്ലാം ഹസ്‌റത് ഷാഹ് നിയാസ് ഭാഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബറേല്‍വിയിലാണ് അദ്ദേഹം ഖബറടക്കപ്പെട്ടിട്ടുള്ളത്.
ആബിദയുടെ പ്രസിദ്ധമായ ആലാപനത്തില്‍ ഹസ്‌റത് ഷാഹ് നിയാസ് രചിച്ച ഏതാനും വരികള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ലഭ്യമായതില്‍ മുഴുഭാഗവും ഇവിടെ മൊഴിമാറ്റിയിട്ടുണ്ട്. ജലാലുദ്ദീന്‍ റൂമിയുടെയും മന്‍സൂര്‍ അല്‍ ഹല്ലാജിന്റെയും ക്ലാസ്സിക്കല്‍ സൂഫീ പാരമ്പര്യങ്ങളുടെയും സ്വാധീനം ഇവയില്‍ പ്രകടമാണ്. സാമ്പ്രദായിക ഉര്‍ദു കവിതകളില്‍ സ്ഥിരപ്പെട്ടു വരുന്നപോലെ, കവി സ്വന്തം പേരുപറഞ്ഞു ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്ന പതിവും ഇതിലുണ്ട്. തുടക്കത്തിലുള്ള മത്വ്‌ല (പ്രാരംഭ കവിത) ഫാര്‍സി ഭാഷയിലേതാണ്. അതിനു ശേഷമുള്ളവയാണ് ഹസ്‌റത് ഷാഹ് നിയാസ് എഴുതിയിട്ടുള്ളത്.
യാര്‍ കോ ഹം നെ ജാ ബജാ ദേഖാ
രചന: ഹസ്‌റത് ഷാഹ് നിയാസ്
ഞാനാണ് ആവശ്യക്കാരന്‍,
എനിക്കാണ് നിന്നെ ആവശ്യം.
നിന്നെപ്പോലൊരുവന്റെ പ്രേമദു:ഖം
ഞാനെങ്ങനെയും സഹിക്കും.
നീയാണ് സൂര്യന്‍, നിന്റെ സൗന്ദര്യത്താല്‍
ദീപ്തമെന്റെ കണ്ണുകള്‍
നിന്നെ വേണ്ടെന്നുവച്ചാല്‍ പിന്നെ ഞാനെവിടെ പോകും?
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു
ചിലപ്പോള്‍ തെളിഞ്ഞും ചിലപ്പോള്‍ ഒളിഞ്ഞും.
ചിലേടങ്ങളില്‍ ഒരു സാധ്യത
ചിലേടങ്ങളില്‍ അനിവാര്യത
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു
ചിലപ്പോള്‍ തെളിഞ്ഞും ചിലപ്പോള്‍ ഒളിഞ്ഞും.
ഈമാന്റെ അടയാളങ്ങളെപ്പറ്റിയുള്ള ഉണര്‍വില്‍
എല്ലായിടത്തും ഞാന്‍ പ്രാണപ്രിയന്റെ മുഖം കണ്ടു.
എന്തിലും സ്വയം നിറയാനുള്ള തീരുമാനത്തില്‍
എല്ലാമായി അവന്‍ അവനെത്തന്നെ വച്ചു.
കാണുന്നതും അവന്‍ തന്നെ, കേള്‍ക്കുന്നതും അവന്‍ തന്നെ
അവനെക്കൂടാതെ ഒന്നിനെയും ഞാന്‍ കണ്ടില്ല.
വിരിയുന്ന പൂക്കളില്‍ അവന്‍ നിറഞ്ഞു പുഞ്ചിരിച്ചു
രാപ്പാടിയുടെ ഗീതങ്ങളില്‍ തേങ്ങലായി അവനെ കണ്ടു.
മെഴുകുതിരിയിലും ഈയാംപാറ്റയിലും അവനെ കണ്ടു
അവന്‍ അവന്റെ തന്നെ നാളത്തില്‍ കത്തിത്തീരുന്നത് കണ്ടു.
'അനല്‍ ഹഖി'ന്റെ വചനം ഇടക്കുരുവിട്ട്
കുരിശിലവന്‍ ശിരസ്സ് വയ്ക്കുന്നത് കണ്ടു.
'നീ'യെന്നും 'ഞാനെ'ന്നും പറയുന്നതില്‍
നിന്നൊക്കെ എന്നുമകലേ അവന്‍
എന്നിട്ടും എല്ലാ 'നീ'യിലും 'ഞാനി'ലും അവനെ കണ്ടു.
ഇടക്ക് തീര്‍ത്തും അപരിചിതനെപ്പോലെ കണ്ടു
കണ്ട രൂപങ്ങളിലൊക്കെ അതിപരിചയവും തോന്നി.
ചിലപ്പോള്‍ വലിയ ഭക്തനായി കണ്ടു
ചിലപ്പോള്‍ കുടിയന്മാരുടെ നേതാവായും.
ഇടക്ക് ഒരു മിന്നലാട്ടം പോലെ
പിന്നെയോ അനശ്വരദീപമായും
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു.
ചിലപ്പോള്‍ കിരീടമണിഞ്ഞിരിക്കുന്ന മഹാരാജന്‍
ചിലപ്പോള്‍ പിച്ചപ്പാത്രവുമായി നീങ്ങുന്ന യാചകനായി കണ്ടു
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു.
ഇടയ്ക്കു പ്രണയിനിയുടെ വേഷമണിഞ്ഞ്
പ്രതാപവും പ്രൗഢിയുമൊക്കെ
കളഞ്ഞുകുളിക്കുന്നത് കണ്ടു.
ചിലപ്പോള്‍ തെളിഞ്ഞും ചിലപ്പോള്‍ ഒളിഞ്ഞും,
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു.
ചിലപ്പോള്‍ 'നിയാസി'നെപ്പോലെ ഒരു പ്രണയിതാവ്
നെഞ്ഞും ഹൃദയവും കത്തിയുരുകുന്നതായി കണ്ടു.
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു
ചിലപ്പോള്‍ തെളിഞ്ഞും ചിലപ്പോള്‍ ഒളിഞ്ഞും.
(പദസൂചിക: ഈമാന്‍- സത്യവിശ്വാസം, അനല്‍ ഹഖ്: 'ഞാനാണ് സത്യം' എന്ന് വാക്കര്‍ഥം, സൂഫീ കവി മന്‍സൂര്‍ അല്‍ ഹല്ലാജിന്റെ പ്രസ്താവന)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."