ഭീതിയുടെ രണ്ടു നൂറ്റാണ്ട്
200 വര്‍ഷം മുന്‍പ് യൂറോപ്പിലെ പുറത്തിറങ്ങാനാവാത്ത ഒരു ശൈത്യകാലത്താണ് ഇംഗ്ലീഷ് എഴുത്തുകാരനായ ജോണ്‍ പോളിദോറി ദ വാംപയര്‍ എന്ന ഗോഥിക് നോവലെഴുതുന്നത്. 1897 ല്‍ ഭീകരനോവലുകളുടെ തമ്പുരാനായ 'ഡ്രാക്കുള' ബ്രോംസ്റ്റോക്കര്‍ എഴുതുന്നത് വാംപയറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. ഇംഗ്ലീഷ് കവികൂടിയായ പ്രഭു ജോര്‍ജ്ജ് ഗോര്‍ഡണ്‍ ബൈറോണിന്റെ ഡോക്ടറായിരുന്നു പോളിദോറി. 19-ാമത്തെ വയസ്സുമുതല്‍ ബൈറോണിനൊപ്പം യൂറോപ്പിലാകെയും യാത്ര ചെയ്തു. അങ്ങനെയൊരു യാത്രയിലാണ് 1816ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവ തടാകത്തിനപ്പുറത്തുള്ള ദിയോദാത്തി വില്ലയിലെത്തുന്നത്. എഴുത്തുകാരി മേരി ഷെല്ലി, ഭര്‍ത്താവും കവിയുമായ പെര്‍സി ബൈഷെ ഷെല്ലി എന്നിവരായിരുന്നു കൂടെ. 1815 ഏപ്രിലില്‍ ഇന്തൊനേഷ്യയിലെ സംബാവ ദ്വീപിലെ തംബോറ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച കാലമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ യൂറോപ്പില്‍ ഉഷ്ണകാലമുണ്ടായില്ല. പുറത്തിറങ്ങാനാവത്ത വിധം തെരുവുകള്‍ മഞ്ഞുമൂടിക്കിടന്നു. 1816 ല്‍ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു യൂറോപ്പിലെ ശരാശരി താപനില.
സ്വിറ്റ്‌സര്‍ലണ്ടിലെ ആല്‍പ്‌സിനു ചുറ്റുമുള്ള സെയ്ന്റ് ഗാലനിലായിരുന്നു തണുപ്പ് ഏറ്റവും രൂക്ഷം. വില്ലയില്‍ ഒന്നും ചെയ്യാനാവാതെയിരുന്ന ദിവസങ്ങളിലൊന്നില്‍ ആരാണ് ഏറ്റവും മികച്ച ഭീകരകഥയെഴുതുകയെന്ന മത്സരം വച്ചു. പോളിദോറിയുടെ വാംപയര്‍ പിറക്കുന്നത് അവിടെവച്ചാണ്. മേരി ഷെല്ലിയുടെ ലോക ക്ലാസിക്കായ ഫ്രാങ്കസ്‌റ്റൈന്‍ ജന്‍മം കൊള്ളുന്നതും അതേ വില്ലയില്‍ വച്ചാണ്. ഷെല്ലിയുടെയും ബൈറോണിന്റെയും വിഖ്യാത കവിതകളും ജെ.എം.ഡബ്ല്യൂ ടര്‍ണറുടെ ചിചസ്റ്റര്‍ കനാല്‍ സിറേഖ പോലുള്ള വിഖ്യാത പെയിന്റിങുകളും അതേ ശൈത്യത്തിന്റെ സൃഷ്ടിയായിരുന്നു. യൂറോപ്പില്‍ ടൈഫിസ് രോഗം പടര്‍ന്നു പിടിച്ച കാലം കൂടിയായിരുന്നു അത്. 1916ല്‍ എഴുതിയ വാംപയര്‍ 1819ലെ ന്യൂ മന്ത്‌ലി മാഗസിനിലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഔബ്രിയെന്ന ഇംഗ്ലീഷ് യുവാവ് ദുരൂഹമായ പശ്ചാത്തലമുള്ള ലൂഥ്‌വെന്‍ പ്രഭുവിനെ കണ്ടുമുട്ടുന്നതാണ് കഥ. അയാള്‍ പ്രഭുവിനൊപ്പം റോമിലേക്ക് യാത്ര നടത്തുന്നു. അതിനിടയില്‍ ലൂഥ്‌വെന്‍ അപ്രത്യക്ഷനായി. ലൂഥ്‌വെനുമായി കണ്ടുമുട്ടുന്നവരെല്ലാം ദുരൂഹതകളിലൂടെ കടന്ന് പോകുന്നതും മരിക്കുന്നതും ഔബ്രി കാണുന്നു. ഔബ്രിയുടെ സഹോദരിയെ വിവാഹം ചെയ്ത ലൂഥ്‌വെന്‍ അവളുടെ രക്തമൂറ്റിക്കുടിച്ച് അപ്രത്യക്ഷനാകുന്നതാണ് കഥാന്ത്യം.
കോട്ടകളും കടവാതിലുകളും നീഗൂഢമായ ഇടനാഴികളും കൂറ്റന്‍ തൂണുകളുമെല്ലാമുള്ള ഭീതിയെക്കുറിച്ചുള്ള മനുഷ്യന്റെ ഭാവനകള്‍ രൂപപ്പെടുന്നത് പോളിദോറി വാംപയര്‍ എഴുതുന്നതിനും ഏറെ മുമ്പാണ്. 1764ല്‍ ഇംഗ്ലീഷ് ചരിത്രകാരനായ വാല്‍പോളി എഴുതിയ കാസില്‍ ഓഫ് ഒട്‌റാന്‍ഡോയാണ് ലോകത്തെ ആദ്യത്തെ ഭീകരനോവല്‍. കാസില്‍ ഓഫ് ഒട്‌റാന്‍ഡോയ്ക്ക ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ചിരുന്നത് ഭീകര സാഹിത്യങ്ങള്‍ക്കായിരുന്നു. 1258- 1266 കാലത്ത് സിസിലിയിലെ രാജാവായിരുന്ന മാന്‍ഫ്രഡിന്റെ ജീവിതകഥയില്‍ നിന്ന ആശയമുള്‍ക്കൊണ്ടാണ് വാല്‍പോളി കാസില്‍ ഓഫ് ഒട്‌റാന്‍ഡോ എഴുതിയത്. മാന്‍ഫ്രഡ് പ്രഭുവിന്റെ കോട്ടയില്‍ അദ്ദേഹത്തിന്റെ രോഗിയായ മകന്‍ കോണ്‍റാഡും ഇസബെല്ല രാജകുമാരിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തോടെയാണ് കഥയാരംഭിക്കുന്നത്.
വിവാഹത്തിന് തൊട്ടുമുമ്പ് കോണ്‍റാഡ് കോട്ടയുടെ മുകളില്‍ നിന്ന വലിയൊരു ഹൈല്‍മെറ്റ് വീണ് മരണപ്പെടുന്നു. കോണ്‍റാഡിന്റെ മരണത്തോടെ കുടുംബം അന്യംനിന്നു പോകുന്ന സാഹചര്യത്തിലായിരുന്നു മാന്‍ഫ്രഡ്. അങ്ങനെ വന്നാല്‍ രാജഭരണം കൈമാറേണ്ടിവരും. അതൊഴിവാക്കാന്‍ പ്രഭു ഇസബെല്ലയെ സ്വയം വിവാഹം ചെയ്യാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ കോട്ടയില്‍ നിന്ന് കടന്ന് ഇസബെല്ല ദുരെയുള്ള പള്ളിയില്‍ അഭയം തേടി. തുടര്‍ന്നങ്ങോട്ട് കഥ ആവശകരമായ പശ്ചാത്തലത്തിലേക്ക് തിരിയുകയാണ്. വില്യം ഷെയ്ക്‌സ്പിയറുടെ ഹാംലെറ്റ് കാസില്‍ ഓഫ് ഒട്‌റാന്‍ഡോയില്‍ സ്വാധീനം ചെലുത്തിയതായി തന്റെ നോവലിന്റെ തുടര്‍ പതിപ്പിനെഴുതിയ ആമുഖത്തില്‍ വാല്‍പോളി പറയുന്നുണ്ട്. ഹാംലെറ്റ് പ്രേതത്തോട് സംസാരിക്കുന്നതായിരുന്നു ഇതിലൊന്ന്. യൂറോപ്പിന്റെ ഭാവനാ ലോകത്തേക്ക് തുറന്ന ഭീതിയുടെ പുതിയ വാതിലുകളായിരുന്നു കാസില്‍ ഓഫ് ഒട്‌റാന്‍ഡോ. ദുരൂഹതയും ഭീതിയും കഥാതന്തുവാക്കാന്‍ അക്കാലം വരെ ആരും ശ്രമിച്ചിരുന്നില്ല. 1794ല്‍ വനിതയെഴുതിയ ആദ്യത്തെ ഭീകര നോവലായ ആന്‍ റാഡ്ക്ലിഫിന്റെ മിസ്ട്രീസ് ഓഫ് ഉഡോള്‍ഫോയും വന്നു.
നാലു വാള്യങ്ങളിലായി പുറത്തിറങ്ങിയ പുസ്തകത്തിന് 500 പൗണ്ട് കൊടുത്താണ് ഒരു പ്രസാധകന്‍ അതിന്റെ കയ്യെഴുത്തു പ്രതി സ്വന്തമാക്കിയത്. ദൂരൂഹമായ കോട്ടയില്‍ അടക്കപ്പെട്ട എമിലി സെന്റ് ഔബര്‍ട്ടെന്ന അനാഥപ്പെണ്‍കുട്ടിയുടെ കഥയാണ് മിസ്ട്രീസ് ഓഫ് ഉഡോള്‍ഫോ. ഒരേ സമയം കുടിപ്പകയും പ്രണയവും അസാധാരണമായ വഴിത്തിരിവുകളുമുണ്ട്. സസ്്‌പെന്‍സ് ഭീകരനോവലുകളിലെത്തുന്നത് മിസ്ട്രീസ് ഓഫ് ഉഡോള്‍ഫോയിലൂടെയാണ്. 1796 ല്‍ പുറത്തിറങ്ങിയ മാത്യൂ ലൂയിസിന്റെ ദ മോന്‍ക്: ഷോക്കിങ് സൊസൈറ്റിയായിരുന്നു അടുത്ത പുസ്തകം. യൂറോപ്പിനെ ഗോഥിക് നോവലുകളുടെ പ്രേതം പിടികൂടിയ കാലത്താണ് പോളിദോറി വാംപയറെഴുതുന്നത്. പ്രണയസാഹിത്യങ്ങള്‍ യൂറോപ്യന്‍ വിപണിയെ കീഴടക്കിയ കാലം കൂടിയായിരുന്നു അത്. ഫ്രാങ്കോയിസ് ഗില്ലോമിയുടെ ബെക്കുറാള്‍ഡ് ആര്‍നോള്‍ഡ് തുടങ്ങിയ എഴുത്തുകാര്‍ ഫ്രാന്‍സിലും ഫ്രെഡറിച്ച് സ്‌കില്ലറെപ്പോലുള്ള പ്രമുഖ എഴുത്തുകാര്‍ ജര്‍മ്മനിയിലും സജീവമായിരുന്നു. ജര്‍മ്മന്‍ എഴുത്തുകാരനായ ക്രിസ്ത്യന്‍ ഹെന്റിച്ചിന്റെ ഡാസ് പീറ്റര്‍മാന്‍ചെന്‍ പോലുള്ള കൃതികള്‍ ഇംഗ്ലീഷ് ഭീകരസാഹിത്യങ്ങളേക്കാള്‍ ആക്രമികതയും നിഗൂഢതയും നിറഞ്ഞതായിരുന്നു.
റഷ്യയിലും അക്കാലത്ത് നിരവധി ഭീകരസാഹിത്യങ്ങള്‍ രൂപംകൊണ്ടു. നിക്കോളായ് മികിലോവിച്ച് പോലുള്ള എഴുത്തുകാരുടെ കൃതികള്‍ പലതും അദൃശ്യശക്തികളെ പ്രമേയമാക്കിയുള്ളതായിരുന്നു. എന്നാല്‍ വിക്ടോറിയന്‍ കാലത്ത് പിറവിയെടുത്ത ഇംഗ്ലീഷ് സാഹിത്യങ്ങളാണ് കൂടുതല്‍ പ്രശസ്തി നേടിയത്. ഇറ്റാലിയന്‍ പരിഭാഷകയും എഴുത്തുകാരിയുമായിരുന്നു പോളിദോറിയുടെ മാതാവ്. യാത്രകള്‍ ഒളിച്ചോട്ടമായിരുന്നു ബൈറോണിന്. പോളിദോറിയും ഭ്രാന്തമായ ആ യാത്രകളില്‍ ഒപ്പം സഞ്ചരിച്ചു. വാംപയറിലെ കഥാപാത്രങ്ങളായ ഔബ്രിയെയും ലൂഥ്‌വെനെയും പോളിദോറിയായും ബൈറോണായും വായിച്ചവരുണ്ടായിരുന്നു. ബൈറോണിന്റെ കരിസ്മാറ്റിക് ശക്തി പോളോദോറിയെ ആകര്‍ഷിച്ചിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ തന്റെ രക്തമൂറ്റിക്കുടിക്കുന്ന രക്ഷസായി ബൈറോണിനെ പോളിദോറി കണ്ടിരുന്നുവെന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ ലൂത്തേവനില്‍ ബൈറോണുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും ബൈറോണ്‍ പലപ്പോഴും പോളിദോറിയെ മുറിവേല്‍പ്പിച്ചു. ബ്രയാന്റെ സമ്പന്നതയിലും കുലീനരുടെ വിരുന്നുകളിലും താന്‍ ബ്രയാന്റെ നിഴലായിപ്പോകുന്നതായി പോളിദോറിക്ക് തോന്നിയിരുന്നു.
വാംപയറിന്റെ കയ്യെഴുത്തു പ്രതി ഇതിനിടയിലെവിടെയോ പോളിദോറിക്ക് നഷ്ടപ്പെട്ടിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം അത് ഹെന്‍ട്രികോളബോളിന്റെ കയ്യിലെത്തി. വാംപയര്‍ ആദ്യം അച്ചടിക്കുമ്പോള്‍ അതില്‍ ബൈറോണിന്റെ പേരാണുണ്ടായിരുന്നത്. പിന്നീട് പോളിദോറിയുടെ പേരാക്കി മാറ്റി. ബൈറോണുമായുള്ള ബന്ധം വിട്ട പോളിദോറി പിന്നീട് ചൂതാട്ടത്തിന് അടിമയായിപ്പോയിരുന്നു. വാംപയര്‍ കഥ പോലെ ദുരൂഹത നിറഞ്ഞതായിരുന്നു പോളിദോറിയുടെ മരണവും. 1821 ആഗസ്ത് 24ന് പോളിദോറിയെ മരിച്ച നിലയില്‍ കണ്ടെത്തി. സയനൈഡ് കഴിച്ച നിലയിലായിരുന്നു അയാള്‍. ചൂതാട്ടം പൊളിദോറിയെ കടക്കാരനാക്കിയിരുന്നു. അന്ന് 25 വയസ്സുമാത്രമായിരുന്നു പോളിദോറിക്ക് പ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."