കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കണം: എം.പി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ത്രിതല പഞ്ചായത്തുകളില്‍ അവബോധം നല്‍കുന്നതിന് ശ്രദ്ധിക്കണമെന്ന് എ.കെ രാഘവന്‍ എം.പി പറഞ്ഞു. ബാങ്കിങ് സമിതി ജില്ലാതല അവലോകന യോഗം ഹോട്ടല്‍ മലബാര്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി, വ്യവസായിക മേഖലകളില്‍ വിതരണം ചെയ്ത തുക സംബന്ധിച്ചും പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളും അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാനും എം.പി നിര്‍ദേശിച്ചു.
2018 മാര്‍ച്ച് 31 വരെ കാലയളവില്‍ 114 ശതമാനമാണ് ജില്ലയിലെ ബാങ്കുകളുടെ നേട്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 15 ശതമാനമായാണ് ഉയര്‍ന്നത്. കാര്‍ഷിക മേഖലയില്‍ 5012.68 ലക്ഷത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട സ്ഥാനത്ത് 5772.80 ലക്ഷത്തിന്റെ വളര്‍ച്ച നേടാനായി. എല്‍.ഡി.ആര്‍ നൂറു ശതമാനം നേട്ടം കൈവരിച്ച മുഴുവന്‍ ബാങ്കുകളെയും യോഗം അനുമോദിച്ചു. ജില്ലയിലെ സര്‍വിസ് കോപറേറ്റീവ് ബാങ്കുകളുടെ യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍ സുനില്‍, റിസര്‍വ് ബാങ്ക് പ്രതിനിധി വി. ജയരാജ് സംസാരിച്ചു. നിപാ വൈറസ് ബാധിച്ചും ഉരുള്‍പൊട്ടലിലും മരിച്ചവരെ അനുസ്മരിച്ച് ആരംഭിച്ച യോഗം നിപാ നിയന്ത്രണ പ്രവര്‍ത്തനം, കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് നേതൃത്വം നല്‍കിയ ജില്ലാ കലക്ടറെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."