ഒളവണ്ണ പഞ്ചായത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി: പത്തുദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ തീരുമാനം
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്ത് പരിധിയില്‍ കാലങ്ങളായി നടന്നുവരുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി (ജൈക്ക)യുടെ പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി പത്ത് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പി.ടി.എ റഹീം എം.എല്‍.എ. ഒളവണ്ണ പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, ജൈക്ക ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ ജൈക്ക അധികൃതര്‍ ഉറപ്പു നല്‍കി.
കാലങ്ങളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്ത സി.പി.എം, ഡി.വൈ.എഫ് ഐ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജൈക്ക പദ്ധതിക്ക് വേണ്ടി പന്തീരാങ്കാവ് മുതല്‍ കുന്നത്ത് പാലം വരെയും മാത്തറ പാലാഴി റോഡിലും പന്തീരാങ്കാവ് പയ്യടിമീത്തല്‍ റോഡിലും പൈപ്പിടുന്നതിന്ന് വേണ്ടി കിടങ്ങുകീറി പൈപ്പിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള റോഡുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ വരികയും പൊതുജനങ്ങളില്‍നിന്നു ജനപ്രതിനിധികള്‍ക്ക് വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നിരുന്നു.
നിരവധി തവണ ജൈക്ക അധികൃതരോട് സമയബന്ധിതമായി പ്രവൃത്തി തീര്‍ക്കാന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പറഞ്ഞിട്ടും ജൈക്ക അധികൃതര്‍ പ്രവൃത്തി വൈകിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉറപ്പ് നല്‍കിയ സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ നേതൃത്വത്തില്‍ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ കോഴിക്കോട് ജൈക്ക പദ്ധതിയുടെ ഓഫിസിന് മുന്നില്‍ സമരം നടത്തിയിരുന്നു. പഞ്ചായത്ത് പരിധിയിലെ അഞ്ച് റോഡുകള്‍ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി ആരംഭിക്കണമെങ്കില്‍ ജൈക്ക പദ്ധതിയുടെ ശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ അവസരത്തിലാണ് എം.എല്‍.എ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ജയപ്രകാശ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി സുമ, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍മാരായ പി.ബി ബൈജു, എം.സി വിനുകുമാര്‍, ജൈക്ക പദ്ധതി ഉദ്യോഗസ്ഥരായ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.നാരായണന്‍, പ്രവീണ്‍ കുമാര്‍, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ കെ. ഷിയാസ്, സി.പി.എം ഒളവണ്ണ ലോക്കല്‍ കമ്മറ്റി സെക്രട്ടറി നീലേരി രാജന്‍, ബൈജു കരുവള്ളി, കെ. ജിതേഷ് എന്നിവരും പങ്കെടുത്തു. അടുത്തമാസം പത്തിനകം ജൈക്ക പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."