ബോയിങ് മാക്‌സ് ദുരന്തം: 30 വിമാനങ്ങള്‍ വാങ്ങുന്നത് സഊദി നിര്‍ത്തിവച്ചു
റിയാദ്: ബോയിങ് 737 മാക്‌സ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഊദി വിമാനക്കമ്പനി വാങ്ങാന്‍ തീരുമാനിച്ച 30 വിമാനങ്ങളുടെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ദുരന്തത്തിന്റെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷമാണ് ഇനി വിമാനം വാങ്ങുന്ന കാര്യങ്ങളുമായി കമ്പനി മുന്നോട്ട് പോവുക. വിമാനം വാങ്ങുന്ന കാര്യത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്നോട്ട് പോകുന്നതായി ഫ്‌ളൈഡീല്‍ വിമാനക്കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വ്യക്തമാക്കി. സഊദി ദേശീയ വിമാനക്കമ്പനിയായ സഊദി എയര്‍ലൈന്‍സിന് കീഴിലുള്ള ബജറ്റ് വിമാനക്കമ്പനിയാണ് ഫ്‌ളൈഡീല്‍.
ബോയിങ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് വിമാനം സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ വിമാനം വാങ്ങുന്നതില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുവാന്‍ ഫ്‌ളൈഡീല്‍ അധികൃതരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം ഇന്തോനേഷ്യയിലെ ലിയോണ്‍ എയര്‍ ജെറ്റ് വിമാനം അപകടത്തില്‍പെട്ട് അഞ്ചു മാസം തികയുന്നതിനിടെയാണ് നാല് ദിവസം മുന്‍പ് ഇതേ ശ്രേണിയില്‍പെട്ട എത്യോപ്യന്‍ എയറിന്റെ വിമാനം തകര്‍ന്നുവീണത്. ഇന്തോനേഷ്യയില്‍ 189 ആളുകളും എത്യോപ്യയില്‍ 157 ആളുകളും മരണപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് സുരക്ഷ മുന്‍നിര്‍ത്തി വിവിധ ലോകരാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."